Saturday, October 2, 2010

നബി 80 യുദ്ധം ചെയ്തു?; 29 ഇല്‍ നേരിട്ട് പങ്കെടുത്തു?

(യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)
ജബ്ബാര്‍ എഴുതി: "മദീനയില്‍ 10 വര്‍ഷന്മാണു മുഹമ്മദ് ജീവിച്ചത്. ആ കാലയളവില്‍ 80ല്‍ പരം യുദ്ധങ്ങളാണു നടന്നത്. അതില്‍ 20 ലേറെ യുദ്ധങ്ങളില്‍ അദ്ദേഹം നേരിട്ടു പങ്കെടുത്തു . ഓരോ യുദ്ധത്തിനും മാസങ്ങള്‍ നീണ്ട യാത്ര വേണ്ടിയിരുന്നു. ഒന്നു കണക്കി കൂട്ടി നോക്ക് അദ്ദേഹം എത്ര ദിവസം വീട്ടിലിരുന്നിട്ടുണ്ടാവുമെന്ന്. പിന്നെയെന്തിനാ വീടും കൊട്ടാരവുമൊക്കെ? അവര്‍ നാടോടികളായിരുന്നു. സ്ഥിരം ആവാസമുറപ്പിച്ച് കൃഷി ചെയ്തു ജീവിച്ചിരുന്നത് അക്കാല‍ത്ത് ജൂതഗോത്രങ്ങള്‍ മാത്രമാണ്. അവര്‍ക്ക് സ്ഥിരം വീടുകളും ഉണ്ടായിരുന്നു."

Alikoya: വെളിവോടും ബോധത്തോടും കൂടിയാണ്‌ ഇതൊക്കെ എഴുതുന്നതെങ്കില്‍ താങ്കള്‍ ആറ്‌ കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം. 
1.
നബിയുടെ കാലത്ത് മുസ്‌ലിംകള്‍ 80 "യുദ്ധങ്ങള്‍" ചെയ്തു. 
2.
നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു. 
3.
ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു. 
4.
വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു. 
5.
നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു. 
6.
സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.

കാല്‍ കാശ് വിലമതിക്കാന്‍ പറ്റാത്ത ഊഹങ്ങളല്ല ചരിത്ര പരമായ തെളിവുകളാണ്‌ വേണ്ടത്.
…….
   
പ്രവാചകന്‍ 29 യുദ്ധം ചെയ്തു എന്നത് പോലുള്ള അടിസ്ഥാന രഹിതമായ അസംബന്ധങ്ങള്‍ എഴുന്നള്ളിക്കുമ്പോള്‍ അല്‍പം വിവേകം കാണിക്കണം. പ്രവാചക വിരോധവും ഇസ്‌ലാം വിരോധവും മി. ജബ്ബാറിന്‌ ഒരു ഒഴിയാ ബാധയായതിനാല്‍ അദ്ദേഹം ഒട്ടും വിവേകം കാണിക്കാതെ വാദിച്ചുകൊണ്ടിരിക്കയാണ്‌. ഈ വാദത്തിന്‍റെ പേരാണ്‌ യുക്തിവാദമെന്ന് അദ്ദേഹം തെറ്റിദ്ധരിക്കുകയും ചെയ്തിരിക്കുന്നു. ഇതാണ്‌ വസ്തുത. 
29
യുദ്ധങ്ങളുടെ ലിസ്റ്റ് അദ്ദേഹം ഉദ്ധരിച്ച കൃതിയിലുണ്ടത്രെ. ഒരു പക്ഷെ ഉണ്ടാവാം. എന്നാല്‍, പ്രവാചകന്‍ അത്രയൊന്നും യുദ്ധം ചെയ്തിട്ടില്ല. ഇത് നാം പറയുമ്പോള്‍ ഇബ്‌നു ഹിശാമിനെയോ ത്വബ്‌രിയെയോ വാഖിദിയെയോ നാം നിഷേധിക്കുന്നു എന്നര്‍ത്ഥമില്ല. അവര്‍ എഴുതിയത് ജബ്ബാര്‍ വായിച്ചോ എന്ന് എനിക്കറിയില്ല. വലിയ ചരിത്ര വിജ്ഞാനമൊക്കെ അദ്ദേഹം ഇടക്കിടെ അവകാശപ്പെടാറുണ്ടെങ്കിലും അതിന്‍റെ ലക്ഷണമൊന്നും ചര്‍ച്ചയില്‍ നിഴലിച്ചു കാണാറില്ല. 
അതിന്‍റെ ഏറ്റവും വലിയ തെളിവാണ്‌ പ്രവാചകന്‍ പങ്കെടുത്ത 29 യുദ്ധത്തിന്‍റെ വെടിക്കെട്ട് ലിസ്റ്റ്. അദേഹം ഉദ്ധരിച്ച ഗ്രന്‍ഥം തയ്യാറാക്കിയവരും വിവേകം കാണിച്ചില്ല എന്ന് തന്നെയാണ്‌ എനിക്ക് പറയാനുള്ളത്. കാരണം, അറബിയില്‍ എഴുതപ്പെട്ട പ്രവാചക ചരിത്ര കൃതികളില്‍ പ്രവാചകന്‍ പങ്കെടുത്ത യുദ്ധങ്ങള്‍ക്ക് ഗസ്‌വഃ എന്നും അദ്ദേഹം നിയോഗിച്ചതും എന്നാല്‍ നേരിട്ട് സംബന്ധിച്ചിട്ടില്ലാത്തതുമായ യുദ്ധങ്ങള്‍ക്ക് സരിയ്യഃ എന്നും പറയുന്നു.
എന്നാല്‍ ഗസ്‌വഃ എന്നും സരിയ്യഃ എന്നും അവര്‍ വിളിച്ചിട്ടുള്ളത് യുദ്ധങ്ങളെ മാത്രമല്ല. ഇത് മനസ്സിലാക്കാന്‍ 'ഹുദൈബിയ സന്ധി' എന്ന് നാം പറയുന്ന സംഭവം ഉദാഹരണമായെടുക്കാം. അത് നടന്നത് ഹിജ്‌റ ആറാം വര്‍ഷമാണ്‌. പ്രവാചകന്‍ ദുല്‍ഖഅ്‌ദ മാസത്തില്‍ തീര്‍ത്ഥാടനാര്‍ത്ഥം മക്കയിലേക്ക് പുറപ്പെടുന്നു. പക്ഷെ, മക്കക്കാര്‍ അദ്ദേഹത്തോടും അനുചരന്‍മാരോടും (അവര്‍ 1400 പേരുണ്ടായിരുന്നു.) മക്കയില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞു. അതോടെ മക്കക്കടുത്ത് ഹുദൈബിയയില്‍ ആ യാത്ര അവസാനിച്ചു. അവിടെ വച്ച് ഇരു ഭാഗവും തമ്മില്‍ സംഭാഷണം നടക്കുകയും ഒരു സന്ധി ഉണ്ടാക്കുകയും ചെയ്തു. ഇതാണ്‌ ഹുദൈബിയ സന്ധി. (പത്ത് വര്‍ഷക്കാലം തമ്മില്‍ യുദ്ധം ചെയ്യില്ലെന്നതാണ്‌ പ്രധാന വ്യവസ്ഥ.) എന്നാല്‍ നേരത്തെ പറഞ്ഞതും അല്ലാത്തതുമായ, അറബിയില്‍ എഴുതപ്പെട്ട, ചരിത്ര ഗ്രന്‍ഥങ്ങളില്‍ ഇതിനെ 'ഗസ്‌വഃ ഹുദൈബിയ്യഃ' എന്ന് വിശേഷിപ്പിച്ചത് കാണാം. അറബിയിലെ ഗസ്‌വഃ എന്ന വാക്കിന്‌ (അതേ പോലെ സരിയ്യഃ) യുദ്ധം എന്ന് മാത്രമല്ല അര്‍ത്ഥമുള്ളത്.. 
നമ്മുടെ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാ തരം പോലീസ്, സൈനിക നീക്കങ്ങള്‍ക്കും പ്രവാചകന്‍ പങ്കെടുത്തതിന്ന് ഗസ്‌വഃ എന്നും പങ്കെടുത്തിട്ടില്ലാത്തതിന്ന് സരിയഃ എന്നും പറയുന്നു. ഹുദൈബിയ സന്ധിയെ ഗസ്‌വഃ എന്ന് വിശേഷിപ്പിച്ചത് ഏറ്റവും നല്ല ഉദാഹരണം. ഇതിനെയാകട്ടെ പോലീസ് അല്ലെങ്കില്‍ സൈനിക നടപടിയെന്ന് പോലും തീര്‍ത്തും വിളിക്കാന്‍ കഴിയില്ലല്ലോ. അത്കൊണ്ടാണ്‌ വിവേക പൂര്‍വ്വം ഈ ചരിത്ര സംഭവങ്ങള്‍ മലയാളത്തിലേക്കോ ഇങ്ഗ്ളീഷിലേക്കോ വിവര്‍ത്തനം ചെയ്തവര്‍ 'ഹുദൈബിയ സന്ധി, ഹുദൈബിയ ട്രീറ്റി' എന്നൊക്കെ ഇതിനെ വിശേഷിപ്പിച്ചത്. ഈ സാമാന്യ വിവേകം പോലും കാണിക്കാത്ത ഒരു കൃതി മാത്രമേ ജബ്ബാറിന്ന് അവലംബിക്കാന്‍ കിട്ടിയുള്ളു എന്നത് ഏറെ സങ്കടകരമാണ്‌. ഈ ബ്ലോഗ് വായിക്കുന്ന, ഞാനിവിടെ സുചിപ്പിച്ച കാര്യങ്ങള്‍ അറിഞ്ഞു കൂടാത്ത, ഒരാള്‍ ജബ്ബാറിന്‍റെ വെടിക്കെട്ട് ലിസ്റ്റ് കാണുമ്പോള്‍ പ്രവാചകനെക്കുറിച്ച് എന്താണ്‌ ധരിക്കാനിടയുള്ളത്? അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ യുദ്ധമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല എന്ന് തന്നെ. ഈ ധാരണ പരത്താനാണ്‌ ജബ്ബാര്‍ ആഗ്രഹിക്കുന്നത്. അത് സാധിപ്പിച്ചു കൊടുക്കാന്‍ ചില പൊട്ടക്കിത്താബുകള്‍ മുസ്‌ലിംകള്‍ തന്നെ തയ്യാറാക്കിക്കൊടുക്കുക കൂടി ചെയ്താല്‍ പിന്നെ വിമര്‍ശകന്‍മാര്‍ക്ക് കാര്യം എളുപ്പമാകുമല്ലോ. 
ഇനി ആ ലിസ്റ്റിലെ ഒന്നാമത്തെ (1.വദ്ദാന്‍ യുദ്ധം,) "മഹായുദ്ധ"ത്തിന്‍റെ കഥ കേള്‍ക്കുക: ഗസ്‌വഃ വുദ്ദാന്‍ എന്നും ഗസ്‌വഃ അബവാഅ്‌ എന്നും ഇതറിയപ്പെടുന്നു. മദീനയ്ക്ക് സമീപം താമസിക്കുന്ന ദംറഃ ഗോത്രത്തലവന്‍ മഖ്‌ശിയ്യ് ബിന്‍ അംറിനെ നബി ചെന്ന് കാണുന്നു. എന്നിട്ട് തമ്മില്‍ യുദ്ധം ചെയ്യുകയോ, ഇരു വിഭാഗങ്ങള്‍ക്കുമെതിരില്‍ നടന്നേക്കാവുന്ന യുദ്ധങ്ങളില്‍ ശത്രുക്കള്‍ക്ക് യുദ്ധസഹായം നല്‍കുകയോ ഇല്ലെന്നും ഒരു ഉടമ്പടിയുണ്ടാക്കി. ഇത് എഴുതി സൂക്ഷിച്ചു. ഇതാകുന്നു നബി നടത്തിയ ഒന്നാമത്തെ "വദ്ദാന്‍ യുദ്ധം" എന്ന "ലോകമഹായുദ്ധം"! ഇതിനെ 'വദ്ദാന്‍ സന്ധി' എന്ന് വിളിക്കാം. ആ ലിസ്റ്റിലെ മഹാ ഭൂരിഭാഗവും ഇത് പൊലെയുള്ള സംഭവങ്ങളാണ്‌: അവയില്‍ അപൂര്‍വ്വം ചില യുദ്ധങ്ങളും ഉണ്ട്. 
മി. ജബ്ബാര്‍, താങ്കള്‍ നിരത്തിയ 29 ഇല്‍ എത്രയെണ്ണം ശരിക്കും യുദ്ധമുണ്ടെന്ന് ഒന്ന് വ്യക്തമാക്കാമോ?
….


5 comments:

 1. ഇവിടെ ധാരാളെ സന്ദര്‍ശകരുണ്ടെന്ന് കാണുമ്പോള്‍ അദ്ദേഹം ഇവിടെ വന്ന് വിഷയവുമായി ബന്ധമില്ലാത്ത ലിങ്ക് നല്‍കുകയോ ചില ഊഹങ്ങള്‍ പറഞ്ഞുപോകുകയോ ചെയ്യും എന്നതല്ലാത്ത് മറ്റു സംവാദങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കരുത്.

  കമന്റ് മോഡറേഷന്‍ എടുത്ത് കളയുന്നത് തുടക്കത്തിലെങ്കിലും നന്നായിരിക്കും. പരിഹാസവും തെറിയും വരുമ്പോള്‍ മാത്രം അത് ഏര്‍പ്പെടുത്തുക. അതു ചെയ്യുന്നവരുടെ തന്നെ ഉദ്ദേശ്യം മോഡറേഷന്‍ വെച്ച് ബ്ലോഗ് നിര്‍ജീവമാക്കുക എന്നതാണ്.

  ReplyDelete
 2. താങ്കള്‍ ആറ്‌ കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
  (യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)
  ആലിക്കോയ: താങ്കള്‍ ആറ്‌ കാര്യങ്ങള്‍ക്ക് തെളിവ് നല്‍കണം.
  -----
  ജബ്ബാര്‍: തെളിവ് ? അതെന്താണാവോ? ചരിത്രപുസ്തകം ഉദ്ധരിച്ചാല്‍ അതു നിങ്ങള്‍ക്കു ജബ്ബാറിന്റെ വാക്കുകളാണ്. പിന്നെ ഞാന്‍ എവിടുത്തെ തെളിവാ തരേണ്ടതാവോ? മുഹമ്മ്ദ് നബിയുടെ അക്രമങ്ങളുടെ വീഡിയോ കാണിക്കണമായിരിക്കും !
  ....
  ആലിക്കോയ: ഇതാണ്‌ ജബ്ബാറിന്‍റെ സംവാദശൈലി. ഞാന്‍ തെളിവ് ചോദിച്ച ആറ്‌ കാര്യങ്ങള്‍ ഇവയാണ്‌:
  1. നബിയുടെ കാലത്ത് മുസ്‌ലിംകള്‍ 80 "യുദ്ധങ്ങള്‍" ചെയ്തു.
  2. നബി 20 'യുദ്ധങ്ങളില്‍' നേരിട്ട് പങ്കെടുത്തു.
  3. ഓരോ യുദ്ധത്തിന്നും മാസങ്ങള്‍ നീണ്ട യത്ര വേണ്ടി വന്നു.
  4. വളരെക്കുറച്ച് നളുകള്‍ മാത്രമേ നബി മദീനയില്‍ ഉണ്ടായിരുന്നുള്ളു.
  5. നബിയ്ക്ക് വീടുണ്ടായിരുന്നില്ല. വീടിന്‍റെ ആവശ്യവുമുണ്ടായിരുന്നില്ല; അദ്ദേഹം നാടോടിയായിരുന്നു.
  6. സഹാബികള്‍ (മുഹാജിറുകളും അന്‍സാറുകളും നാടോടികളായിരുന്നു.
  (ഇതൊക്കെ ജബ്ബാറിന്‍റെ വാദങ്ങളാണ്‌. അത്കൊണ്ട് തന്നെ ഇത് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്.)
  ജബ്ബാര്‍ നല്‍കിയ തെളിവിന്‍റെ കോലം നിങ്ങള്‍ കണ്ടില്ലേ? അല്‍പം വെളിവോട് കൂടിയുള്ള തെളിവാണ്‌ നല്‍കേണ്ടത്. അപ്പോള്‍ എല്ലാവരും അത് സ്വീകരിക്കും. എങ്ങനെയെങ്കിലും പ്രവാചകനെ അക്രമിയും കൊള്ളക്കാരനുമായി ചിത്രീകരിക്കണമെന്ന ചിന്തയില്‍ നിന്നാണ്‌ ഇത്തരം അവിവേകങ്ങള്‍ സംഭവിക്കുന്നത്. സത്യം സത്യമായി പറയണമെന്ന് എപ്പോള്‍ ജബ്ബാര്‍ തീരുമാനിക്കുന്നുവോ അപ്പോള്‍ മുതല്‍ ഇത്തരം അബദ്ധങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കും.

  ReplyDelete
 3. യുദ്ധത്തിലൂടെ മതപ്രചാരണം??
  (യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

  യുദ്ധത്തിലൂടെ മതപ്രചാരണം

  "അനുനയത്തിന്റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായി കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കയ്യിലേന്തി,ഖഡ്ഗം!"

  മൌലാനാ മൌദൂദിയുടെ ഈ ഉദ്ധരണിയെ സംബന്ധിച്ചാണല്ലോ ചോദ്യം. ഇതിന്ന് ഞാന്‍ നേരത്തെ മറുപടി എഴുതിയിട്ടുണ്ട്. അതിവിടെ ഒരിക്കല്‍ കൂടി വായിക്കാം:

  ഖുറൈശികളുടെ മര്‍ക്കടമുഷ്ടി നയം മൂലം പ്രവാചകന്ന് സ്വസ്ഥമായും സ്വതന്ത്രമായും പ്രബോധനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. (എട്ട് പോസ്റ്റുകളിലായി ഞാനത് വ്യക്തമാക്കിയിട്ടുണ്ട്. can be seen here also: http://rationalism-malayalam.blogspot.com/2010/09/blog-post_29.html) പിന്നീട് മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിതമായി. അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു. ഇസ്‌ലാമിനെ എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാവുകയും ചെയ്തു. നേരത്തെ ചെയ്ത പോലെ ബഹിഷ്കരിക്കാനോ മര്‍ദ്ദിക്കാനോ പട്ടിണിക്കിടാനോ ഒന്നും അവര്‍ക്ക് ഇനി മേല്‍ കഴിയില്ലെന്ന നില വന്നു. ഇസ്‌ലാമിന്‌ നേരെ കൈ ഉയര്‍ത്തിയാല്‍ മറുഭാഗത്ത് അതിനേക്കാള്‍ ശക്തമായ കൈ ഉയരുമെന്ന തിരിച്ചറിവുണ്ടായി.

  ആ ഘട്ടത്തില്‍ പ്രവാചകന്‍ അവരുമായി യുദ്ധമില്ലാ കരാറിലേര്‍പ്പെട്ടു. അതോടെ വിശ്വാസികള്‍ക്ക് മക്കയില്‍ സ്വതന്ത്രമായി സഞ്ചരിക്കാമെന്ന അവസ്ഥയുണ്ടായി. മക്കാക്കാര്‍ വ്യാപാരാവശ്യാര്‍ത്ഥവും മറ്റും മദീനാ സന്ദര്‍ശനവും നടത്തുമായിരുന്നു.
  സ്വസ്ഥവും സ്വതന്ത്രവുമായ പ്രബോധനത്തിന്ന് ഇത് വഴി തെളിച്ചു. ഇസ്‌ലാമിനെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടന്നു. ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കിലും അത് രഹസ്യമാക്കി വച്ചിരുന്നവര്‍ പേടിയില്ലാതെ രംഗത്ത് വരാന്‍ തുടങ്ങി. ഇസ്‌ലാമിന്‍റെ അംഗ സംഗ്യ പതിന്‍മടങ്ങ് വര്‍ദ്ധിക്കാന്‍ ഇതിടയാക്കി. ഇതിന്ന് സാധിക്കും വിധം 'മണ്ണ്‌ പാകപ്പെടുത്തിയത്' ഇസ്‌ലാമിക രാഷ്ട്രവും അതിന്‍റെ ശക്തിയുമായിരുന്നു. ആ ശക്തിയുടെ പര്യായമായാണ്‌ വാള്‍ എന്ന വാക്ക് മൌലാനാ മൌദൂദി ഉപയോഗിച്ചത്. അല്ലാതെ യുദ്ധത്തിലൂടെ പ്രചരിച്ചു എന്ന അര്‍ത്ഥത്തിലല്ല. പത്ത് വര്‍ഷത്തേക്കേര്‍പ്പെടുത്തിയ പ്രസ്തുത കരാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ മക്കക്കാര്‍ ലംഘിച്ചത് ഈ സമാധാനാന്തരീക്ഷം അവര്‍ക്ക് ഗുണകരമായിരുന്നില്ല എന്ന കാരണത്താലായിരുന്നു.
  വാളിന്‍റെ പൊരുള്‍ എന്താണെന്ന് മൌലാനാ മൌദൂദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്: 'ഇസ്‌ലാം അതിന്‍റെ സത്യസന്ധത അംഗീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ലെന്ന് വസ്തുത ഈ ചര്‍ച്ചയില്‍ വ്യക്തമായിക്കഴിഞ്ഞു. തെളിവുകളുടെയും ന്യായങ്ങളുടെയും വെളിച്ചത്തില്‍ സന്‍മാര്‍ഗ്ഗത്തിന്‍റെ രാജപാത ദുര്‍മാര്‍ഗ്ഗത്തിന്‍റെ പാതയില്‍ നിന്ന് വ്യവഛേദിച്ച് കാണിച്ചതിന്ന് ശേഷം തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിത്യ നഷ്ടം ഏറ്റുവാങ്ങാനും ശരിയായ വഴിയിലൂടെ സഞ്ചരിച്ച് ശാശ്വത വിജയം നേടുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ ചര്‍ച്ച അവസാനിപ്പിക്കുന്നതിന്ന് മുമ്പ് ഇസ്‌ലാമിന്‍റെ പ്രചാരത്തില്‍ ഏതോ തരത്തില്‍ വാളിനുണ്ടായിരുന്ന ബന്ധം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ദീനിന്‍റെ (മതത്തിന്‍റെ) പ്രബോധനത്തെ സംബന്ധിച്ചിടത്തോളം വാളിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ പ്രബോധനത്തോടൊപ്പം വേറെ ചിലതിന്‍റെ സഹായംകൊണ്ട് കൂടിയാണ്‌ ലോകത്ത് ഇസ്‌ലാം പ്രചരിച്ചത്. അവിടെ ശക്തിയും ഒരു ഘടകമായിരുന്നു.' (ജിഹാദ് പേ. 145)
  ….
  (തുടരും)

  ReplyDelete
 4. നട്ടാല്‍ മുളയ്ക്കാത്ത നുണ !

  (യുക്തിവാദിയായ ഇ.എ. ജബ്ബാറിന്‍റെ സംവാദം ബ്ലോഗിലെഴുതിയ കുറിപ്പ്.)

  Alikoya: . അതോടെ ഖുറൈശികള്‍ യുദ്ധം ആരംഭിച്ചു. ബദ്‌ര്‍, ഉഹുദ്, ഖന്ദഖ് എന്നിവ മക്കയിലെ ശത്രുക്കള്‍ മദീനയിലേക്ക് വന്ന് നടത്തിയ യുദ്ധങ്ങളായിരുന്നു. മൂന്നിലും ശത്രുക്കള്‍ പരാചയപ്പെട്ടു.

  --
  jabbaar: എവടന്നാ താങ്കള്‍ ചരിത്രം പഠിച്ചത്? നട്ടാല്‍ മുളയ്ക്കാത്ത നുണ !
  പിന്നീടു ചര്‍ച്ച ചെയ്യാം.

  Alikoya: പ്രവാചകന്‍ പങ്കെടുത്ത 29 "മഹായുദ്ധങ്ങളു"ടെ കണക്കുമായി താങ്കള്‍ രംഗത്ത് വന്നിരുന്നല്ലോ. ഒരു ചരിത്ര ഗ്രന്‍ഥത്തിന്‍റെ പിന്തുണയുമായി. അവയിലെ ആദ്യത്തെ നാലെണ്ണത്തെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ട് എന്താ മിണ്ടാത്തത്?
  ആ യുദ്ധങ്ങള്‍ ആരുമായി നടന്നു?
  ആര്‌ ജയിച്ചു?
  എത്ര പേര്‍ ഇരു ഭാഗത്തുമായി കൊല്ലപ്പെട്ടു?
  ഗനീമത്ത് എത്ര കിട്ടി?
  ഇതിനൊന്നും ഉത്തരമില്ല അല്ലെ?
  അപ്പോള്‍ ഞാന്‍ അങ്ങോട്ട് പ്രതികരിക്കേണ്ടിയിരുന്നത് "എവടന്നാ താങ്കള്‍ ചരിത്രം പഠിച്ചത്? നട്ടാല്‍ മുളയ്ക്കാത്ത നുണ !" എന്നായിരുന്നുവല്ലേ?
  അതെ. ഈ നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി എത്ര കാലം ഈ ഭൂമിയില്‍ കഴിയും? അല്ലാഹു നിശ്ചയിച്ച ഒരവധി എല്ലാവര്‍ക്കുമുണ്ടല്ലോ. പിന്നെ മരിച്ച് അവന്‍റെ മുമ്പില്‍ ചെല്ലണ്ടേ? അപ്പോള്‍ അവന്‍ ചോദിക്കില്ലേ ഈ ബ്ലോഗിനെക്കുറിച്ചും ഇതിലൂടെ ചെലവഴിക്കാന്‍ ശ്രമിച്ച നട്ടാല്‍ മുളയ്ക്കാത്ത നുണകളെക്കുറിച്ചും. എന്ത് ചെയ്യും? നരകത്തിലേക്ക് തന്നെ പോകാന്‍ തീരുമാനിക്കുന്നതെന്തിനാണ്‌? പ്രവാചകന്‍റെ ചരിത്രത്തില്‍ നിന്ന് താങ്കള്‍ ചൂണ്ടിക്കാണിക്കുന്നതൊന്നും നിഷേധിക്കുകയോ തമസ്കരിക്കുകയോ ചെയ്യാതെ തന്നെ താങ്കള്‍ക്ക് ഒരു മുസ്‌ലിമാകാമല്ലോ. എന്നാല്‍ പ്രവാചക ചരിത്രത്തില്‍ നിന്ന് ആ മഹല്‍ ജീവിതത്തിന്‍റെ തിളക്കമാര്‍ന്ന വശങ്ങള്‍ നിഷേധിക്കുകയോ തമസ്കരിക്കുകയോ ചെയ്യാതെ താങ്കള്‍ക്ക് ഒരു പ്രവാചക വിമര്‍ശകനാകാന്‍ കഴിയുന്നില്ലെന്ന് അനുഭവം ബോദ്ധ്യപ്പെടുത്തുന്നുമുണ്ടല്ലോ. ഒന്നു നേര്‍ക്ക് നേരെ ചിന്തിക്കുക. അത്രയേ വേണ്ടൂ. ഇപ്പോള്‍ താങ്കള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന പ്രവാചകമഹത്വങ്ങള്‍ ഒന്ന് തുറന്നു സമ്മതിക്കുകയേ വേണ്ടൂ. അതിനെന്താ ഇത്ര പ്രയാസം. ഉള്ളത് ഉള്ള പോലെ പറയൂ. പ്രവാചക ചരിത്രത്തില്‍ കൈപ്പും മധുരവും; രണ്ടും ഒരേ പോലെ ചര്‍ച്ചാ വിഷയമാക്കുക.
  29 യുദ്ധത്തിന്‍റെ കഥ ആവിയായില്ലേ? ഇതേ പോലെ മറ്റ് ആരോപണങ്ങളുടെ കഥകളും ആവിയാകും; സത്യം പറയാന്‍ താങ്കള്‍ ശ്രമിക്കുമ്പോള്‍!

  ReplyDelete
 5. V.B.Rajan said...
  ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട് അതുകൊണ്ട് അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്. ഇതാണ് മതവാദികളുടെ വാദം. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും. പക്ഷേ ദൈവം മനുഷ്യര്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിനു ശേഷം ഒരു കൂട്ടരോട് പറയുന്നു ബഹുദൈവ വിശ്വാസികളെ കാണുന്നിടത്തു വച്ചു കൊന്നു കളയാന്‍. ഇതൊരുതരം വഞ്ചനയല്ലേ? മനുഷ്യന് സ്വാതന്ത്ര്യം അനുവദിച്ചുകൊടിത്തിട്ട് ആ സ്വാതന്ത്ര്യം ദൈവത്തിന് ഇഷ്ടമില്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നവനെ തന്റെ പിണിയാളുകളെ വിട്ട് കൊല്ലിക്കുന്നത് എന്തൊരു കാരുണ്യം. അതു മാത്രമല്ല ദൈവം കുറച്ചുപേരുടെ മനസ്സുകള്‍ക്കും കാതുകള്‍ക്കും മുദ്രയും വച്ചിരിക്കുകയാണ്. മുദ്രവയ്യും, കൊലാളികളെ വാടകയ്ക്കെടുക്കലും ദൈവം തന്നെയാണെന്നതാണ് തമാശ. സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥ നിലനിര്‍ത്താന്‍ മനുഷ്യന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണെങ്കില്‍ ന്യായീകരണമുണ്ടായിരുന്നു.


  ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ഇട്ട കമന്റിന്റെ ചുരുക്കമാണിത്. ഇതിനൊരു വിശദീകരണം കിട്ടിയാല്‍ നന്നായിരുന്നു.

  KK Alikoya said...
  രാജന്‍: "ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്. ഇതാണ് മതവാദികളുടെ വാദം. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും. ".

  ഈ പ്രസ്താവന മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു:

  1. ദൈവം മനുഷ്യന് ഇച്ഛാ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
  2. അവന് ശരിയെന്നു തോന്നിയത് സ്വീകരിക്കുന്നത് ദൈവേച്ഛതന്നെയാണെന്നാണ്.
  3. ദൈവം തെറ്റെന്ന് പറഞ്ഞ കാര്യം ചെയ്യുന്നവരെ മരണശേഷം നരകത്തിലയക്കും

  ഇസ്‌ലാമിക കാഴ്ചപ്പാടനുസരിച്ച് ഇവയില്‍ ഒന്നും മൂന്നും ശരിയാണ്‌. എന്നാല്‍ രണ്ടാമത്തേത് തെറ്റാണ്‌. മനുഷ്യന്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ അവന്‍ തെരഞ്ഞെടുക്കുന്നത് മനുഷ്യേച്ഛയനുസരിച്ച് തന്നെയാണ്‌; ദൈവേച്ഛയനുസരിച്ചല്ല. എന്നാല്‍ അവന്‍ തെരഞ്ഞെടുത്ത കാര്യങ്ങള്‍ നടപ്പില്‍ വരുന്നത് ദൈവേച്ഛയനുസരിച്ചാണ്‌. ഇവിടെ നടപ്പിലാക്കപ്പെടുന്നത് മനുഷ്യേച്ഛയാകയാല്‍ മനുഷ്യന്‍ തന്നെയാണ്‌ അതിന്നുത്തരവാദി.
  താങ്കള്‍ പറഞ്ഞ ബാക്കി കാര്യങ്ങള്‍ വിധി വിശ്വാസവുമായി ബന്ധമുള്ളതല്ല. അതിനാല്‍ അവ നമുക്ക് ഇവിടെ ചര്‍ച്ച
  നടത്താം.


  = രാജന്‍: "പക്ഷേ ദൈവം മനുഷ്യര്‍ക്ക് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിനു ശേഷം ഒരു കൂട്ടരോട് പറയുന്നു ബഹുദൈവ വിശ്വാസികളെ കാണുന്നിടത്തു വച്ചു കൊന്നു കളയാന്‍. ഇതൊരുതരം വഞ്ചനയല്ലേ? മനുഷ്യന് സ്വാതന്ത്ര്യം അനുവദിച്ചുകൊടിത്തിട്ട് ആ സ്വാതന്ത്ര്യം ദൈവത്തിന് ഇഷ്ടമില്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നവനെ തന്റെ പിണിയാളുകളെ വിട്ട് കൊല്ലിക്കുന്നത് എന്തൊരു കാരുണ്യം."

  = മി. രാജന്‍, ഇസ്‌ലാമിനെ വിമര്‍ശിച്ചുകൊണ്ട് ഉന്നയിക്കുന്ന ആരോപണങ്ങളുടെ ന്യായാന്യായത പരിശോധിക്കേണ്ടതില്ലെന്ന് താങ്കള്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ എനിക്ക് ചിലത് പറയാനുണ്ട്. അവിശ്വാസത്തിന്റെ ശിക്ഷ പരലോകത്ത് നല്‍കുമെന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്; ഇത് താങ്കളും ചൂണ്ട്ക്കാണിച്ചതാണ്‌. പിന്നെ അവരെ കൊല്ലിക്കുകയോ തല്ലിക്കുകയോ ചെയ്യാന്‍ ഇസ്‌ലാം മുതിര്‍ന്നിട്ടില്ല. അത്തരം ഒരാഹ്വാനം ഖുര്‍ആനില്‍ കണ്ടെത്തുക സാധ്യവുമല്ല. ഇത് കടുത്ത വ്യാജാരോപണമാണ്‌.

  ബഹുദൈവ വിശ്വാസികളെ കൊന്ന് കളയണം എന്ന ഒരു കല്‍പന ഖുര്‍ആനിലുണ്ടെങ്കില്‍ താങ്കള്‍ അതൊന്ന് കാണിച്ചു തരണം .അതോടൊപ്പം ഇസ്‌ലാമിക ഭരണപ്രദേശത്ത് എവിടെയാണ്‌ ചരിത്രത്തിന്റെ ഏത് ഘട്ടത്തിലാണ്‌ ഈ കൊടും ക്രൂരത നടമാടിയിരുന്നത് എന്നും പറഞ്ഞു തരണം.

  ReplyDelete