Monday, October 11, 2010

വിധി വിശ്വാസം : മൌലാനാ മൌദൂദി

വിധി വിശ്വാസം 
(വിധി വിശ്വാസവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കുള്ള മറുപടി താഴെ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങളിലും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകളിലുമുണ്ട്.)
ഒന്ന്:  
ഖുര്‍ആന്‍ അദ്ധ്യായം 36, സൂക്തം 7-11: അവരിലധികമാളുകളും ശിക്ഷാവിധിക്ക് അര്‍ഹരായിക്കഴിഞ്ഞിരിക്കുകയാല്‍ സത്യവിശ്വാസം കൈക്കൊള്ളുന്നതല്ല.5 നാം അവരുടെ കഴുത്തുകളില്‍ ചങ്ങലകളിട്ടിരിക്കുന്നു. അവ താടിയെല്ലുകള്‍വരെ ഇറുകിക്കിടക്കുകയാണ്. തന്‍മൂലം അവര്‍ തലപൊക്കി നില്‍ക്കുകയാകുന്നു.6 നാം അവര്‍ക്കുമുന്നില്‍ ഒരു മതില്‍ക്കെട്ടുണ്ടാക്കിയിരിക്കുന്നു. അവര്‍ക്കു പിന്നിലും മതില്‍ക്കെട്ടുണ്ട്. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞിരിക്കുന്നു. ഇനി അവര്‍ യാതൊന്നും കാണുകയില്ല.7 നീ മുന്നറിയിപ്പു നല്‍കിയാലും ഇല്ലെങ്കിലും ഒരുപോലെയാണ്, അവര്‍ വിശ്വസിക്കുകയില്ല.8ഉദ്ബോധനത്തെ പിന്‍പറ്റുകയും ദയാപരനായ ദൈവത്തെ കാണാതെത്തന്നെ ഭയപ്പെടുകയും ചെയ്യുന്നവനെ മാത്രമേ നിനക്ക് ഉണര്‍ത്താന്‍ കഴിയൂ. അവനെ പാപമുക്തിയുടെയും മഹത്തായ കര്‍മഫലത്തിന്റെയും സുവിശേഷമറിയിച്ചുകൊള്ളുക.

മൌദൂദി നല്‍കിയ അടിക്കുറിപ്പുകള്‍:
5. നബി(സ)യുടെ പ്രബോധനത്തെ ദുശ്ശാഠ്യത്തോടെ അക്രമപരമായി നേരിടുകയും അദ്ദേഹം പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുകയും ചെയ്തവരെയാണിവിടെ പരാമര്‍ശിക്കുന്നത്. `അവര്‍ ശിക്ഷാവിധിക്ക് അര്‍ഹരായിരിക്കുന്നു. അതിനാല്‍, അവര്‍ വിശ്വാസം കൈക്കൊള്ളുകയില്ല` എന്ന് പ്രവചിക്കപ്പെട്ടിരിക്കയാണ്. ഉദ്ബോധനം കേള്‍ക്കാനേ കൂട്ടാക്കാതെ, പ്രവാചകന്‍മാര്‍ ന്യായം പൂര്‍ത്തീകരിച്ചുകഴിഞ്ഞ ശേഷവും, നിഷേധവും സന്മാര്‍ഗ വിരോധവും തന്നെ തെരഞ്ഞെടുത്തവരാണ് ഇതുകൊണ്ടുദ്ദേശിക്കപ്പെടുന്നത്. സ്വകര്‍മങ്ങളുടെ ദുഷ്ഫലങ്ങള്‍ അവരെ ഗ്രസിക്കുമെന്നും പിന്നീടവര്‍ക്ക് സത്യവിശ്വാസം സ്വീകരിക്കാന്‍ ഭാഗ്യമുണ്ടാവില്ലെന്നും സാരം. ഉദ്ബോധനത്തെ പിന്തുടരുകയും പരമകാരുണികനായ ദൈവത്തെ കാണാതെതന്നെ ഭയപ്പെടുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പ്രവാചകന്റെ മുന്നറിയിപ്പുകള്‍ പ്രയോജനം ചെയ്യൂ എന്ന് തുടര്‍ന്നുള്ള വാക്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

6. ഇവിടെ ചങ്ങലകള്‍ കൊണ്ടുദ്ദേശിക്കുന്നത്, അവരെ സത്യം സ്വീകരിക്കുന്നതില്‍നിന്ന് വിലക്കുന്ന ദുശ്ശാഠ്യങ്ങളത്രെ. `താടിയെല്ലുകള്‍വരെ എത്തുക,` `തലപൊക്കി നിലകൊള്ളുക` എന്നീ പ്രയോഗങ്ങള്‍കൊണ്ട് വ്യജ്ഞിപ്പിക്കപ്പെടുന്നത് അഹന്തയാലും ദുരഭിമാനത്താലും പ്രേരിതനായി കഴുത്തുനിവര്‍ത്തി തലയെടുത്തുപിടിച്ചു നടക്കുന്നതിനെയാണ്. ദുശ്ശാഠ്യവും ദുര്‍വാശിയും നാം അവരുടെ പിരടികളിലെ കുരുക്കുകളാക്കിയിരിക്കയാണെന്നും തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ഏത് സുവ്യക്തമായ പരമാര്‍ഥത്തെയും തിരിഞ്ഞുനോക്കാനാവാത്തവിധം, അഹന്തയും ഗര്‍വുംമൂലം അവരുടെ കഴുത്തുകള്‍ കോടിപ്പോയിരിക്കുകയുമാണെന്നാണ് അല്ലാഹു പ്രസ്താവിക്കുന്നത്.

7. ഒരു മതില്‍ മുന്നിലും മറ്റൊന്ന് പിന്നിലും ഉയര്‍ത്തിയിരിക്കുന്നു എന്നതിന്റെ താല്‍പര്യമിതാണ്: ദുശ്ശാഠ്യത്തിന്റെയും ഗര്‍വിന്റെയും ഫലമായി ഇക്കൂട്ടര്‍ പൂര്‍വചരിത്രത്തില്‍നിന്ന് യാതൊരു പാഠവും പഠിക്കുന്നില്ല. ഭാവിഭവിഷ്യത്തുകളെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നുമില്ല. ശുദ്ധപ്രകൃതരും നിഷ്പക്ഷമതികളുമായ ഏവര്‍ക്കും കാണാവുന്ന സുവ്യക്തമായ യാഥാര്‍ഥ്യങ്ങള്‍പോലും കാണാനാവാത്തവിധം പക്ഷപാതിത്വങ്ങള്‍ അവരെ നാനാഭാഗത്തുനിന്നും വലയം ചെയ്യുകയും അബദ്ധജടിലമായ മുന്‍ധാരണകള്‍ അവരുടെ കണ്ണുകള്‍ക്ക് മുമ്പില്‍ മറയായിത്തീരുകയും ചെയ്തിരിക്കുന്നു എന്നര്‍ഥം.

8. ഈ സാഹചര്യത്തില്‍ പ്രബോധനം ചെയ്യുന്നതുതന്നെ നിഷ്ഫലമാണെന്നല്ല ഇതിന്നര്‍ഥം. പ്രത്യുത താല്‍പര്യമിതാണ്: താങ്കളുടെ പ്രബോധനം മൊത്തത്തില്‍ എല്ലാതരമാളുകളിലേക്കും എത്തുന്നുണ്ട്. അവരില്‍ ചിലരെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്. മറ്റു ചിലരെ അടുത്ത സൂക്തത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആദ്യം പറഞ്ഞ വിഭാഗവുമായി ബന്ധപ്പെടേണ്ടിവരുമ്പോള്‍, അവരുടെ രൂക്ഷമായ എതിര്‍പ്പും നിഷേധവും അഹന്തയും ദുശ്ശാഠ്യവും കണ്ട് മനംമടുത്ത് പ്രബോധനകര്‍ത്തവ്യം ഉപേക്ഷിക്കാവതല്ല. കാരണം, മര്‍ത്യപാരാവാരത്തില്‍ സദുപദേശം സ്വീകരിക്കുന്നവരും ദൈവഭയംമൂലം സന്മാര്‍ഗമവലംബിക്കുന്നവരുമായ ആളുകള്‍ എവിടെയാണുള്ളതെന്ന് താങ്കള്‍ക്കറിയില്ല. താങ്കളുടെ ദൌത്യത്തിന്റെ ലക്ഷ്യംതന്നെ ഈ രണ്ടാമതു പറഞ്ഞ ആളുകളെ പരതിപ്പിടിക്കുക എന്നതത്രെ. അതിനാല്‍, ദുശ്ശാഠ്യക്കാരെ അവഗണിച്ച് മേല്‍പറഞ്ഞ വിഭാഗത്തിലുള്ള അമൂല്യരായ വ്യക്തികളെ സംഘടിപ്പിച്ച് മുന്നോട്ടുപോവുക.

രണ്ട്
ഖുര്‍ആന്‍ പതിനൊന്നം അദ്ധ്യയം 118, 119 സൂക്തങ്ങളും അവയ്ക്ക് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനവും:
"നിസ്സംശയം നിന്റെ റബ്ബ് ഇച്ഛിച്ചുവെങ്കില്‍, മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ ഭിന്നമാര്‍ഗങ്ങളിലൂടെത്തെന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. നിന്റെ നാഥന്റെ കാരുണ്യം സിദ്ധിച്ചവര്‍ മാത്രമേ ദുര്‍മാര്‍ഗങ്ങളില്‍നിന്നു രക്ഷപ്പെടൂ. ഇതിനു(ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പരീക്ഷിക്കപ്പെടാനും) വേണ്ടിത്തന്നെയാകുന്നു അവന്‍ അവരെ സൃഷ്ടിച്ചിട്ടുള്ളത്.116 `ജിന്നുവംശത്താലും മനുഷ്യവംശത്താലും ഞാന്‍ നരകത്തെ നിറക്കുന്നതാണ്` എന്ന നിന്റെ റബ്ബിന്റെ വചനം പൂര്‍ത്തിയായിരിക്കുന്നു".

വ്യഖ്യാനം:
116. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ `ഖദ്റി `ന്റെ പേരില്‍ ഉന്നയിക്കപ്പെടുന്ന സംശയത്തിന്റെ മറുപടിയാണിത്. മുകളില്‍ മുന്‍ സമുദായങ്ങളെ നശിപ്പിക്കാന്‍ എന്തുകാരണം പറഞ്ഞുവോ അതിന്നെതിരില്‍ ഇങ്ങനെ ഒരു സംശയം ഉന്നയിക്കാം: അവരില്‍ സദ്വൃത്തര്‍ ഇല്ലാതിരിക്കുകയോ ഉള്ളവര്‍ വളരെ വിരളമായിരിക്കുകയോ ചെയ്യാന്‍ കാരണം, അന്തിമ വിശകലനത്തില്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമാണ്. എന്നിരിക്കെ, അവരുടെ പേരില്‍ എങ്ങനെയാണ് കുറ്റം ചുമത്തുക? അല്ലാഹുവിന് അവര്‍ക്കിടയില്‍ കൂടുതല്‍ സദ്വൃത്തരെ ഉണ്ടാക്കാമായിരുന്നില്ലേ? ഇതിന്, മറുപടിയായി ഒരു യാഥാര്‍ഥ്യം വളരെ വ്യക്തമായി വിവരിച്ചുകൊടുക്കുകയാണ്: മനുഷ്യനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഉദ്ദേശ്യം (مشيئة)മറ്റു ജീവികളെപ്പോലെയോ സസ്യങ്ങളെപ്പോലെയോ ഇതരസൃഷ്ടികളെപ്പോലെയോ നിര്‍ബന്ധിതമായി ഒരേ മാര്‍ഗത്തിലൂടെ മാത്രം നീങ്ങാന്‍ സാധിക്കുക, അണുഅളവും അതില്‍നിന്ന് തെറ്റാന്‍ സാധിക്കാതിരിക്കുക എന്നല്ല. ഇതായിരുന്നു അവന്റെ ഉദ്ദേശ്യമെങ്കില്‍ വിശ്വാസത്തിലേക്ക് പ്രബോധനം ചെയ്യുകയോ, പ്രവാചകന്മാരെ നിയോഗിക്കുകയോ, ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയോ ചെയ്യേണ്ട ആവശ്യമെന്തായിരുന്നു? മുഴുവന്‍ മനുഷ്യരും, മുസ്ലിംകളും മുഅ്മിനുകളുമായിത്തന്നെ ജനിക്കുമായിരുന്നു. കുഫ്റിന്നും ധിക്കാരത്തിന്നും സാധ്യതപോലുമുണ്ടാകുമായിരുന്നില്ല. പക്ഷേ, മനുഷ്യരുടെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ അല്ലാഹു ഉദ്ദേശിച്ചത് ഇങ്ങനെയാണ്: അവന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും അവകാശവും നല്‍കുക; തന്റെ ഇഷ്ടാനുസാരം വിവിധ മാര്‍ഗങ്ങളിലൂടെ ചരിക്കാന്‍ കഴിവു നല്‍കുക; അവന്റെ മുമ്പില്‍ നരകത്തിലേക്കും സ്വര്‍ഗത്തിലേക്കുമുളള മാര്‍ഗം തുറന്നു കാണിച്ചുകൊടുക്കുക. എന്നിട്ട്, എല്ലാ മനുഷ്യര്‍ക്കും എല്ലാ മനുഷ്യസമൂഹങ്ങള്‍ക്കും തങ്ങളിഛിക്കുന്ന മാര്‍ഗത്തിലൂടെ ചരിക്കാന്‍ അവസരം നല്‍കുക. എന്തുകൊണ്ടെന്നാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നത് അവരവരുടെ പ്രവര്‍ത്തനത്തിന്റെയും സമ്പാദ്യത്തിന്റെയും ഫലങ്ങളായിരിക്കും. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള അവകാശത്തിലും, ഈമാനും കുഫ്റും സ്വീകരിക്കാനുള്ള സ്വാതന്ത്യ്രത്തിലും അധിഷ്ഠിതമായിട്ടാണെങ്കില്‍, ഏതെങ്കിലും ജനത സ്വേഛാനുസാരം ദുര്‍മാര്‍ഗം സ്വീകരിക്കുമ്പോള്‍ അല്ലാഹു അവരെ നിര്‍ബന്ധിച്ച് സന്മാര്‍ഗത്തിലാക്കുന്നത് എങ്ങനെ? ഒരു ജനത തങ്ങളുടെ സ്വാതന്ത്യ്രമുപയോഗിച്ച് `മനുഷ്യവസ്തുക്കള്‍` ഉല്‍പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടാക്കുകയും ഒന്നിനൊന്ന് ദുര്‍വൃത്തരും അക്രമികളും അധര്‍മികളുമായ മനുഷ്യരെ അവിടെ വാര്‍ത്തെടുക്കുകയും ചെയ്യുക. എന്നിട്ട് അല്ലാഹു തന്റെ കഴിവുപയോഗിച്ച് അതില്‍ ഇടപെട്ടുകൊണ്ട് ഈ ഉല്‍പന്നങ്ങളെ നന്നാക്കുകയും അവരുടെ ചീത്തയായ മൂശ ശരിപ്പെടുത്തിക്കൊടുക്കുകയും ചെയ്യുക. ഇത്തരത്തിലുള്ള കൈകടത്തലുകള്‍ ഒരിക്കലും അല്ലാഹുവിന്റെ ഭരണഘടനയിലില്ല. സദ്വൃത്തരാകട്ടെ, ദുര്‍വൃത്തരാകട്ടെ, ഇരു വിഭാഗത്തിനും തങ്ങളുടെ മാര്‍ഗം സ്വയം തീരുമാനിക്കാം. ഏത് ജനത ഒരു സമൂഹമെന്ന നിലയില്‍ ദുര്‍മാര്‍ഗം സ്വീകരിക്കുകയും, നന്മയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ്പുള്ള ഒരു വിഭാഗം ഉണ്ടാവാതിരിക്കുകയും, നന്മവളര്‍ത്തുന്നതിനുള്ള സംരംഭം പോലും അസംഭവ്യമാകുന്ന സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവോ, അവരെ ദൈവം നിര്‍ബന്ധിച്ച് നന്നാക്കുന്നതെങ്ങനെ? അവര്‍ സ്വയം തിരഞ്ഞെടുത്തത് അനുഭവിക്കാന്‍ തന്നെ അല്ലാഹു അവരെ വിടുന്നു. ഇനി ഏതെങ്കിലും ജനത അല്ലാഹുവിന്റെ കാരുണ്യത്തിന് അര്‍ഹമാവുകയാണെങ്കില്‍, അത് നന്മയെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗം ഉണ്ടാവുകയും പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാവുന്ന ഒരന്തരീക്ഷം നിലനില്‍ക്കുകയും ചെയ്യുന്ന സമൂഹം മാത്രമായിരിക്കും. (കൂടുതല്‍ വിശദീകരണത്തിന് സൂറ അല്‍അന്‍ആം കുറിപ്പ്: 24 (6:24)കാണുക. )

മൂന്ന്:

ഖുര്‍ആന്‍ അദ്ധ്യയം 6, സൂക്തം 35. മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാന സഹിതം:

"അല്ലാഹു ഇഛിച്ചിരുന്നുവെങ്കില്‍ അവരെയെല്ലാം സന്മാര്‍ഗത്തില്‍ ഒന്നിപ്പിക്കുവാന്‍ അവനു കഴിയുമായിരുന്നു.24 അതിനാല്‍ മൂഢനാവാതിരിക്കുക. കേള്‍ക്കുന്ന ജനങ്ങള്‍ മാത്രമേ സത്യപ്രബോധനത്തിന് ഉത്തരം നല്‍കുകയുള്ളൂ."

വ്യാഖ്യാനം:
24. മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ആവശ്യമെങ്കില്‍ പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം- ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരാഗ്യംകൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതു പ്രകാരം സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളെ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചമായ ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിയ്ക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനത്തില്‍ അല്ലാഹു തങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുമായിരിക്കും. ഏതേതു ഘട്ടങ്ങളില്‍ ഏതുതരം സഹായത്തിനാണോ അവര്‍ അര്‍ഹരായിട്ടുള്ളത് അത്രകണ്ട് സഹായവും നല്‍കും. എന്നാല്‍ ഈ പ്രകൃതിയുക്തമായ മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്റെ ശക്തിയുടെ വിളയാട്ടം കൊണ്ടുമാത്രം, ദുഷിച്ച ചിന്താഗതികളെയും നിഷിദ്ധ ജീവിതരീതികളെയും തുടച്ചുനീക്കി, ജനസാമാന്യത്തില്‍ പരിശുദ്ധ ആദര്‍ശങ്ങളും ഉത്തമ നാഗരികതയും വളര്‍ത്തണമെന്നു അഭിലഷിക്കുന്നുവെങ്കില്‍ അതു നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ നയതന്ത്രത്തിനും യുക്തിവൈഭവത്തിനും നിരക്കാത്ത ഒന്നാണിത്. അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചയച്ചതും, തന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്‍പിച്ചരുളിയതും, അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്‍കിയതും, ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചതും, സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചതുമെല്ലാം ആ മഹത്തായ യുക്തി വൈഭവത്തിന്റെ താല്‍പര്യമത്രെ.

1 comment: