Monday, October 11, 2010

ദൈവേച്ഛ

ദൈവേച്ഛ 
(ഇ.എ. ജബ്ബാറിന്‍റെ ബ്ലോഗിലെഴുതിയ പ്രതികരണം)
Jabbar: മനുഷ്യനോട് ദൈവം ആവശ്യപ്പെട്ടത് ദൈവേഛ കണ്ടെത്തി പ്രവര്‍ത്തിക്കാനല്ല. സാധ്യമായ നന്മകള്‍ ചെയ്യാനാണ്.
------
നന്മകള്‍ ചെയ്യണമെങ്കില്‍ ദൈവം അങ്ങനെ ഉദ്ദേശിച്ചിരിക്കണ്ടേ? ദൈവം ഉദ്ദേശിക്കാതെ ഞാന്‍ എന്തു ചെയ്യും?
ദൈവേച്ഛ കണ്ടെത്തണമെന്നായിരിക്കും ദൈവേച്ഛ !
എല്ലാറ്റിനും കാരണക്കാരന്‍ ദൈവം തന്നെ !!
ദൈവത്തിന്റെ ഇച്ഛ തന്നെ!!!
ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!

= ജബ്ബാറിന്‍റെ ഈ ചോദ്യങ്ങള്‍ക്ക് ലത്തീഫ് വ്യക്തമായ മറുപടി നല്‍കിക്കഴിഞ്ഞു. (ലത്തീഫിന്‍റെ മറുപടി താഴെ കൊടുത്തിട്ടുണ്ട്.) ഖുര്‍ആനിലെ രണ്ട് ആദ്ധ്യായങ്ങളില്‍ നിന്നായി നാല്‌ സൂക്തങ്ങള്‍ (16:35-37; 6:148-149)ഉദ്ധരിച്ച ശേഷം അദ്ദേഹം എഴുതി: "ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് നിഷേധിക്കാന്‍ ആദ്യമേ തീരുമാനിച്ചവര്‍ ഇതൊരു മറയായി സ്വീകരിക്കുകയാണ്. ഇവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം വെറുതെയാണ്. ദൈവം അവന്റെ സന്‍മാര്‍ഗം നിങ്ങളെ അടിച്ചേല്‍പ്പിക്കണം എന്നുദ്ദേശിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ അതാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ചിന്തയെ കീഴ്‌പെടുത്തി അതില്‍ സന്‍മാര്‍ഗമല്ലാതെ സ്വീകരിക്കാന്‍ കഴിയാതിരിക്കുമാറ് മനുഷ്യനെ അസ്വാതന്ത്ര്യനാക്കണം എന്ന്. ശരിയല്ലേ ചിന്തിച്ചു നോക്കൂ."

= ജബ്ബാറിന്‍റെ മേല്‍ ചോദ്യത്തിന്‍റെ ഉത്തരം അദ്ദേഹം എവിടെയാണ്‌ അന്വേഷിക്കേണ്ടിയിരുന്നത്?
സമാനമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും ഖുര്‍ആനിലുണ്ടെങ്കില്‍ അവിടെത്തന്നെ. അതാണ്‌ ലത്തീഫ് ചൂണ്ടിക്കാണിച്ച സൂക്തങ്ങള്‍. (16:35-37; 6:148-149). സത്യമാര്‍ഗ്ഗത്തിലേക്കുള്ള പ്രവാചകന്‍റെ ക്ഷണം നിരസിക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ കുതര്‍ക്കമായിരുന്നു ആ ചോദ്യങ്ങള്‍ എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ജബ്ബാറിന്‍റെ അവസ്ഥയും മറ്റൊന്നല്ല. 14 നൂറ്റാണ്ട് മുമ്പ് മക്കയിലെ അവിശ്വാസികള്‍ ചോദിക്കുകയും, ഖുര്‍ആന്‍ മറുപടി നല്‍കുകയും ചെയ്ത അതേ ചോദ്യം, വീണ്ടും ചോദിക്കുന്നതിലെ യുക്തിരാഹിത്യം പോലും ഇവരുടെ ബുദ്ധിയില്‍ തെളിയുന്നില്ല.



ഇനി ജബ്ബാര്‍ ഖുര്‍ആനില്‍ നിന്നുള്ള വേറെ ചില സൂക്തങ്ങള്‍ വായിക്കട്ടെ:

"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

" പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)

= ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍: 
1. അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2. മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3. പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4. പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5. മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. 
6. തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌. 
7. ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.

* ഖുര്‍ആനില്‍ ഒരു വിഷയം അന്വേഷിക്കേണ്ടത് ആ വിഷയം വിഷയം പ്രതിപാതിച്ച സൂക്തങ്ങളിലാണ്‌; മറ്റിടങ്ങളിലല്ല.

attachment: 
CK Latheef said: ഏതായാലും നിങ്ങളുടെ വിധി പ്രവാചകന്‍മാരോട് അവരുടെ അനുയായികളില്‍ നിഷേധിക്കാന്‍ തീരുമാനിച്ചവരുടെ അതേ വാദങ്ങള്‍ എടുത്തോതാനും. എന്റെ വിധി പ്രവാചകന്‍മാര്‍ അവരോട് പറഞ്ഞത് തിരിച്ചു പറയാനുമാണ്. അതിനാല്‍ ഞാന്‍ അതിന് ശ്രമിക്കുകയാണ്.

ഈ ബഹുദൈവവിശ്വാസികള്‍ പറയുന്നു: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും അവന്നല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്‍പിക്കുകയുമില്ലായിരുന്നു.' ഇത്തരം കുതര്‍ക്കങ്ങള്‍ അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉന്നയിച്ചിട്ടുള്ളതാകുന്നു. സന്ദേശം സുസ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്തുത്തരവാദിത്വമാണുള്ളത്? നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവര്‍ക്കും ഇപ്രകാരം അറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍, ത്വാഗൂത്തിന് ഇബാദത്തു ചെയ്യുന്നത് വര്‍ജിക്കുവിന്‍.' അനന്തരം അവരില്‍ ചിലര്‍ക്ക് അല്ലാഹു സന്മാര്‍ഗം പ്രദാനം ചെയ്തു. ചിലരെയാവട്ടെ, ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു. നിങ്ങള്‍ ഭൂമിയില്‍ കുറച്ചു സഞ്ചരിച്ചുനോക്കൂ; കളവാക്കിയവരുടെ പരിണാമം എന്തായിരുന്നുവെന്ന്. അവരുടെ സന്മാര്‍ഗപ്രാപ്തിക്കുവേണ്ടി പ്രവാചകന്‍ എത്ര കൊതിച്ചാലും ശരി, അല്ലാഹു വഴിതെറ്റിക്കുന്നവന് അവന്‍ സന്മാര്‍ഗം നല്‍കുകയില്ല. ഇത്തരമാളുകളെ യാതൊരാള്‍ക്കും സഹായിക്കാന്‍ സാധിക്കുകയുമില്ല. (16:35-37) 

(നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.' അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: 'നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.' ഇനിയും പറയുക: '(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.' (6:148-149) 

ഇതില്‍നിന്ന് മനസ്സിലാക്കാവുന്നത് നിഷേധിക്കാന്‍ ആദ്യമേ തീരുമാനിച്ചവര്‍ ഇതൊരു മറയായി സ്വീകരിക്കുകയാണ്. ഇവരെ ബോധ്യപ്പെടുത്താനുള്ള ശ്രമം വെറുതെയാണ്. ദൈവം അവന്റെ സന്‍മാര്‍ഗം നിങ്ങളെ അടിച്ചേല്‍പ്പിക്കണം എന്നുദ്ദേശിച്ചിട്ടില്ല. ഒരര്‍ഥത്തില്‍ അതാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ ചിന്തയെ കീഴ്‌പെടുത്തി അതില്‍ സന്‍മാര്‍ഗമല്ലാതെ സ്വീകരിക്കാന്‍ കഴിയാതിരിക്കുമാറ് മനുഷ്യനെ അസ്വാതന്ത്ര്യനാക്കണം എന്ന്. ശരിയല്ലേ ചിന്തിച്ചു നോക്കൂ.

വിശുദ്ധഖുര്‍ആന്‍ പ്രവാചകനോട് പറഞ്ഞത് ഇപ്പോള്‍ എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നുന്നത്:

'അവരില്‍ ചിലയാളുകളുണ്ട്; അവര്‍ നിന്റെ വചനങ്ങള്‍ ചെവികൊടുത്തു കേള്‍ക്കുന്നു. പക്ഷേ, നാം അവരുടെ ഹൃദയങ്ങളില്‍ മൂടുപടമിട്ടിരിക്കുന്നു. തന്നിമിത്തം അവരത് ഗ്രഹിക്കുന്നില്ല. നാം അവരുടെ ചെവികളില്‍ അടപ്പിടുകയും ചെയ്തിരിക്കുന്നു. (എല്ലാം കേട്ടാലും അവര്‍ ഒന്നും മനസ്സിലാക്കുകയില്ല). ഏതു ദൃഷ്ടാന്തം കണ്ടാലും അവരതു വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്നെ സമീപിച്ചു തര്‍ക്കിക്കയാണെങ്കില്‍ അവരില്‍ നിഷേധിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളവര്‍ (എല്ലാം കേട്ടുകഴിഞ്ഞ ശേഷവും) `ഇതു പൂര്‍വികരുടെ ഇതിഹാസങ്ങളല്ലാതൊന്നുമല്ല` എന്നുതന്നെ പറഞ്ഞുകൊണ്ടിരിക്കും. ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല. കഷ്ടം! അവര്‍ നരകതീരത്തു നിര്‍ത്തപ്പെടുമ്പോഴുള്ള അവസ്ഥ നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! ആ സന്ദര്‍ഭത്തില്‍ അവര്‍ വിലപിച്ചുകൊണ്ടിരിക്കും: `ഹാ കഷ്ടം! ഞങ്ങള്‍ ഇഹലോകത്തേക്കു തിരിച്ചയയ്ക്കപ്പെടുന്നതിനും റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയാതിരിക്കുന്നതിനും സത്യവിശ്വാസികളില്‍ പെട്ടുകിട്ടുന്നതിനും വല്ല നിവൃത്തിയുമുണ്ടായിരുന്നെങ്കില്‍!` ഏതൊരു യാഥാര്‍ഥ്യത്തിന്മേല്‍ അവര്‍ തിരശ്ശീലയിട്ടിരുന്നുവോ ആ യാഥാര്‍ഥ്യം മറനീക്കി മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതുനിമിത്തം തന്നെയാകുന്നു അവര്‍ ഇവ്വിധം കേഴുന്നത്. എന്നാല്‍ പൂര്‍വജീവിതത്തിലേക്കു തിരിച്ചയയ്ക്കുകയാണെങ്കില്‍, നിരോധിക്കപ്പെട്ട അതേ സംഗതികളൊക്കെത്തന്നെ അവര്‍ വീണ്ടും അനുവര്‍ത്തിക്കുന്നതായിരിക്കും. അവരോ, നുണയന്മാര്‍ മാത്രമാകുന്നു. (അതിനാല്‍ തങ്ങളുടെ ഈ ആഗ്രഹപ്രകടനത്തിലും അവര്‍ നുണ തന്നെയാണ് പറയുന്നത്.) ഇന്ന് അവര്‍ പറയുന്നു: `ജീവിതമെന്നാല്‍ നമ്മുടെ ഈ ഭൌതികജീവിതം മാത്രമേയുള്ളൂ. മരണാനന്തരം നാം ഒരിക്കലും പുനരുജ്ജീവിപ്പിക്കപ്പെടാന്‍ പോകുന്നില്ല.` കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: `ഇതു യാഥാര്‍ഥ്യമല്ലെയോ?` അവര്‍ പറയും: `അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.` അപ്പോള്‍ അല്ലാഹു കല്‍പിക്കും: `ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.` (6:25-30)

>>> ആ ദൈവേഛയനുഇസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചാല്‍ ആ ദൈവത്തിനു കോപം വരും. തീയിലിട്ടു ശിക്ഷിക്കും. പരമ കാരുണ്യവാനും കരുണാനിധിയുമായ ദൈവം !!!!<<<

കഷ്ടം! അവര്‍ റബ്ബിന്റെ സമക്ഷത്തില്‍ നിര്‍ത്തപ്പെടുന്ന രംഗം നിനക്കു കാണാന്‍ സാധിച്ചെങ്കില്‍! അന്നേരം റബ്ബ് അവരോടു ചോദിക്കും: `ഇതു യാഥാര്‍ഥ്യമല്ലെയോ?` അവര്‍ പറയും: `അതേ, ഞങ്ങളുടെ റബ്ബേ, ഇതു യാഥാര്‍ഥ്യം തന്നെയാകുന്നു.` അപ്പോള്‍ അല്ലാഹു കല്‍പിക്കും: `ശരി, ഇനി നിങ്ങള്‍ സത്യനിഷേധത്തിന്റെ അനന്തരഫലമായ ശിക്ഷ രുചിച്ചുകൊള്ളുവിന്‍.


'ഈ സത്യം സ്വീകരിക്കുന്നതില്‍നിന്നു ജനത്തെ അവര്‍ തടയുന്നു, സ്വയം അതില്‍നിന്നകന്നുപോവുകയും ചെയ്യുന്നു. (ഈ ചെയ്തികളിലൂടെ നിങ്ങള്‍ക്കെന്തോ നാശം ചെയ്യുകയാണ് തങ്ങളെന്നത്രെ അവരുടെ ഭാവം). വാസ്തവത്തിലോ, അവര്‍ സ്വന്തം നാശത്തിനുതന്നെയാകുന്നു വഴിയൊരുക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, അവര്‍ക്ക് ആ ബോധമില്ല.' 

നിഷേധികളുടെ പ്രവര്‍ത്തനം സ്വയം വഴികേടാവുക മാത്രമല്ല. മറ്റുള്ളവരെ വഴിതെറ്റിക്കുക കൂടിയാണ്. അതിനാവശ്യമായ സഹായികളുമുണ്ടാകും. അതിലൂടെ വിശ്വാസികള്‍ക്ക് എന്തൊ നാശം ചെയ്യുകയാണ് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. ശരിയല്ലേ. എന്നാല്‍ സത്യത്തിലെന്താണ് സംഭവിക്കുന്നത്. നിങ്ങളുടെ നാശത്തിന് വഴിയൊരുക്കുക മാത്രം. അതും ശരിയല്ലേ നിങ്ങള്‍ നിഷേധിച്ചാലും വിശ്വസിച്ചാലും എനിക്കെന്ത്. ഇവിടെ എന്നെ പിന്തുണക്കുന്നവര്‍ക്കെന്ത്. പക്ഷെ നിങ്ങള്‍ക്ക് ബോധമില്ല. ഇപ്പോള്‍ മനസ്സിലാകുന്നില്ലെങ്കില്‍ ഇനി മനസ്സിലായി കൊള്ളും. അന്ന് ഭൂമിയിലേക്ക് ഒരു മടക്കം ആഗ്രഹിക്കും പക്ഷെ സാധ്യമാകില്ല. സ്വയം തിരിച്ചറിയുക. ഇതില്‍ കൂടുതല്‍ ഇന്ന് ഇനി എനിക്കൊന്നും പറയാനില്ല.

2 comments:

  1. ഇ.എ. ജബ്ബാറിന്റെ മാനസികനില അല്‍പം സങ്കീര്‍ണമായ വിധിവിശ്വാസത്തെ അന്വേഷിക്കാനോ ചര്‍ചചെയ്യാനോ പറ്റിയതല്ല. അദ്ദേഹം മുമ്പെപ്പോഴോ പഠിച്ചുവെച്ച് ഏതാനും വാക്യങ്ങള്‍ പരിഹാസം കലര്‍ത്തി പലവിധത്തില്‍ അവതരിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അതുകൊണ്ടാണ് ചരിത്രത്തില്‍ വിധിവിശ്വാസത്തെ തങ്ങളുടെ നിഷേധത്തിന് മറയാക്കിയവരുടെ ഉദാഹരണം ഖുര്‍ആനില്‍നിന്ന് കാണിച്ചുകൊടുത്തുകൊണ്ട് ചില കമന്റുകള്‍ നല്‍കിയത്. അപ്പൂട്ടനെ പോലുള്ള ചില ബ്ലോഗര്‍മാര്‍ കുറെകൂടി യുക്തിയോടുകൂടി വിഷയത്തെ സമീപിച്ചവരാണ്. ആ ചര്‍ച ഇവിടെ വായിക്കുക.

    ReplyDelete