Saturday, September 4, 2010

സമാധാനത്തിന്‍റെ അകിടില്‍ നിന്ന് ചോര കുടിക്കുന്ന യുക്തിവാദി: കെ.കെ. ആലിക്കോയ

സമാധാനത്തിന്‍റെ അകിടില്‍ നിന്ന് ചോര കുടിക്കുന്ന യുക്തിവാദി

(തൊടുപുഴയില്‍ നടന്ന കൈ വെട്ട് കേസിനെക്കുറിച്ച് യുക്തിവാദി ഇ.എ. ജബ്ബാറിന്‍റെ 'സംവാദം ബ്ലോഗില്‍ 'ജോസഫിനെ വെട്ടിനുറുക്കി'  എന്ന തലക്കെട്ടില്‍ നടന്നു വരുന്ന ചര്‍ച്ചക്ക് പ്രതികരണമായി എഴുതിയത്.)

ചര്‍ച്ചക്ക് തുടക്കം കുറിച്ച ജബ്ബാര്‍ ഉള്‍പ്പെടെ പലരും ഇവിടെ വിഷയം ചര്‍ച്ച ചെയ്യുന്നത് ശരിയായ രീതിയിലല്ല. മുസ്‌ലിംകളിലെ ഒരു വിഭാഗം ചെയ്തത ദുഷ്കൃത്യത്തെ അപലപിക്കുന്നത് ന്യായമാണ്‌. എന്നാല്‍ അതോടൊപ്പം തന്നെ  മറ്റു മുസ്‌ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതെന്ത് കൊണ്ട്? വെട്ടിയവരെ അപലപിച്ച മുസ്‌ലിംകളെ നിങ്ങള്‍ കാണാത്തതെന്ത് കൊണ്ട്? ചികില്‍സയില്‍ കഴിയുമ്പോള്‍ പ്രൊ. ജോസഫിന്ന് രക്തം നല്‍കിയവരെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? നിങ്ങളവരെ അവഗണിക്കുന്നത് എന്ത് കൊണ്ട്? ഈ ദുഷ്കൃത്യത്തിന്റെ പാപ ഭാരം മുസ്‌ലിം സമുദായത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മേല്‍ വാരി വിതറാന്‍ നിങ്ങള്‍ തുനിയുന്നതെന്ത് കൊണ്ട്?
ഇനി ഈ വിഷയത്തെക്കുറിച്ച് വല്ലതും പറയാന്‍ നിര്‍ബന്ധിതനായാല്‍ തന്നെ ജബ്ബാര്‍ എന്താണ്‌ പറയുക നോക്കുക: "സംഭവങ്ങളുണ്ടാകുമ്പൊ പൊതു സമൂഹത്തെ വിഡ്ഡികളാക്കാ അവ സമാധാനവും പറഞ്ഞ് രക്തദാനം നടത്താ വരും. ! തട്ടിപ്പ് ! വെറും തട്ടിപ്പ് !!"
(മാത്രമല്ല സോളിഡാരിറ്റി രക്തം നല്‍കിയതിനെ അനുകൂലിച്ച് ലേഖനമെഴുതിയ കെ.പി. രാമനുണ്ണിയെ കെ.പി. മുഹമ്മദുണ്ണി ആക്കും വിധം കടുത്ത അസഹിഷ്ണുവാണ്‌ മി. ജബ്ബാര്‍.)

ഇതിനു പുറമെ കുറ്റം ഇസ്‌ലാമിന്‍റെതും മൊത്തം  മുസ്‌ലിംകളുടേതുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ജബ്ബാര്‍ എഴുതുന്നു: 'മുഹമ്മദ് എന്നു കേള്‍ക്കുമ്പോഴേക്കും കയറു പൊട്ടിക്കുന്ന പോത്തുകളോട് പക്ഷെ ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ.' ഈ പോത്ത് വിളി കൈ വെട്ടിയവര്‍ക്ക് മാത്രം ബാധകമാണോ? അതല്ല; മുഴുവന്‍ മുസ്‌ലിംകള്‍ക്കും ബാധകമാവുന്നതാണോ?
ഇനി അതുമല്ല;  കേസെടുത്ത പൊലിസിനും കോടതിക്കും  ഇത്തരം പ്രവൃത്തികള്‍ കുറ്റമാണെന്ന് വിധിക്കുന്ന നിയമം നിര്‍മ്മിച്ചവര്‍ക്കും   ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പ്രതിഷേധിച്ചവര്‍ക്കും എല്ലാം ബാധകമാണോ? ജോസഫിനെ വിമര്‍ശിച്ചവരില്‍ ചില യുക്തിവാദികളെയും കാണാന്‍ കഴിഞ്ഞു. അവര്‍ക്കും .....
ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് ജോസഫ് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പോലീസ് കേസ് എടുത്തതും കോടതി അദ്ദേഹത്തെ റിമാന്‍റ്‌ ചെയ്തതും എന്തിനായിരുന്നു? ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്‌ പുറത്ത് കഴിയുന്നത്. നിരവധി രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകന്‍മാരും എഴുത്തുകാരും മാധ്യമങ്ങളും വിവിധ മത നേതാക്കളും അദ്ദേഹത്തെ അപലപിച്ചതെന്തിനായിരുന്നു? കോളേജധികൃതര്‍ അദ്ദേഹത്തെ സസ്പെന്ഡ് ചെയ്തതും യൂനിവേഴ്സിറ്റി ഒരു വര്‍ഷത്തേക്ക് അദ്ദേഹത്തിന്‍റെ അംഗീകാരം റദ്ദാക്കിയതും എന്തിനായിരുന്നു? എല്ലാവര്‍ക്കും തറ്റു പറ്റിയെന്നോ?

ജബ്ബാറിന്‍റെ ഉദ്ദേശ്യം വേറെയാണ്‌. അത് വ്യക്തമാക്കുന്ന ചില ഉദ്ധരണികള്‍ കാണുക: "മുഹമ്മദ്‌ എന്നുച്ച്ചരിച്ച്ചാല്‍ ഞാങ്ങ ള്‍ വെ ട്ടും ,നുറുക്കും ! അത് മുഹമ്മദ്‌ തന്നെ പറഞ ത"
"ലോകം കണ്ട ഏറവും വലിയ ഭിക രന്‍ ആരെന്ന്‍ മനസ്സിലായില്ലേ?"
"കോടിക്കണക്കിനു മനുഷ്യരുടെ രക്തത്തില്‍ ഭീകരതയുടെ വിഷം കുത്തി വെക്കുന്ന മതം അതാണ ഇസ്ലാം"
ജബ്ബാറിന്‍റെ വീക്ഷണത്തില്‍  കുറ്റം പ്രവാചകന്‍റേതും ഇസ്‌ലാമിന്‍റേതുമാണ്‌. ലോകത്തിലെ ഏറ്റവും വലിയ ഭീകരന്‍ മുഹമ്മദ് നബിയും ഭീകരത ഇസ്‌ലാമുമാണ്‌. ഇത് പറയാന്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിത്തിരിച്ച ഒരാള്‍ക്ക് ഈ വിഷയത്തില്‍ സമാധാനപരമായ നിലപാട് സ്വീകരിച്ചവരും മര്‍ദ്ദിതനെ സഹായിച്ചവരും മുസ്‌ലിംകളിലുണ്ട് എന്ന് പറയാന്‍ മനസ്സ് വരില്ല.

അതോടൊപ്പം,  ഒരു ശിങ്കിടിയുടെ, രോശമിളക്കി വിടുന്ന ഈ ടിപ്പണി കാണുക: "തലയില്‍ തൊപ്പിയും ശരീരത്തില്‍ പര്‍ദ്ദയുമണിയാത്ത എല്ലാ മനുഷ്യരേയും വെട്ടി ഇസ്ലാമിക രാജ്യം സ്ഥാപിക്കേട... ചെറ്റകളെ !!!
താലിബാന്റെ പൊലയാടിമക്കളെ !!!"
ഇത്രയുമാകുമ്പോള്‍ ഇനി ഇതു കൂടി പറയാമെന്ന അവസ്ഥയിലെത്തുന്നു മറ്റൊരു ടിപ്പണിക്കാരന്‍: "ഈ ഭീകര മതം ഭൂമിയില്‍ നിന്നും തുടച്ചു മാറ്റപെടെണ്ടത് തന്നെ." ഇപ്പോള്‍ ഉദ്ദേശ്യം വ്യക്തമായില്ലേ?
ഇല്ലെങ്കില്‍ ജബ്ബാര്‍ തന്നെ വ്യക്തമാക്കട്ടെ: "ഈ കൃത്യം നിർവ്വഹിച്ച ഏതാനും മന്ദബുദ്ധികളായ ചെറുപ്പക്കാരല്ല യഥാർത്ഥ കുറ്റവാളിക. അവരെ അതിനു പരിശീലിപ്പിക്കുകയും മസ്തിഷ്കപ്രക്ഷാളനം നടത്തുകയും ചെയ്ത സംഘടിതപ്രസ്ഥാനവും ആ പ്രസ്ഥാനത്തിനു മുലപ്പാലും വെള്ളവും വളവും നകി വളർത്തുന്ന മതബോധവും തന്നെയാണു കുറ്റവാളി ! എല്ലാത്തിനും അടിസ്ഥാനവേരായും ബീജമായും വർത്തിക്കുന്ന മതമൂഡവിശ്വാസവും ! മതങ്ങ തുലയട്ടെ ! മനുഷ്യത്വം പുലരട്ടെ!!"
((എന്നിട്ട് പകരം വയ്ക്കാനുള്ളതോ? യുക്തിവാദം! അതിന്‍റെ തനിനിറം മനസ്സിലാക്കാന്‍ ഇത് വായിക്കുക: http://notable-notes.blogspot.com/2010/08/blog-post_4088.html ))

എന്നാല്‍ എങ്ങനെയൊക്കെ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെക്കുറിച്ചും പറഞ്ഞാലും  അത് തീവ്രവാദമോ ഭീകരതയോ ആകുമോ? ഏയ്, ഇല്ല; ഒട്ടും ഭയപ്പെടേണ്ടതില്ല. മാത്രമല്ല; ഇത്തിരി കടുപ്പത്തില്‍ തന്നെ പറയുന്നവനാണ്‌ മതേതരവാദിയായി ആഘോഷിക്കപെടുക. അതാണ്‌ സവര്‍ണ്ണ ഫാഷിസ് നീതി ബോധം. ഇത് നമ്മുടെ പൊതു ബോധമാക്കി വളര്‍ത്തിക്കൊണ്ടിരിക്കുകയുമാണ്‌. യുക്തി വാദിയും നാടോടുമ്പോള്‍ നടുവേ തന്നെ.

ഇസ്‌ലാമെന്നാല്‍ ഭീകരതയാണെന്ന് വാദിക്കാന്‍ വേണ്ടി ജബ്ബാര്‍ ന്യായം നിരത്തുന്നത് കാണുക: "മതം നിരപരാധിയാണെന്ന വാദമുന്നയിക്കുന്നവ മതചരിത്രം ഒന്നു വായിക്കണം. മുഹമ്മദിന്റെ ജീവിതകാലത്ത് അദ്ദേഹത്തെ ആരെങ്കിലും പരിഹസിച്ചതായോ വിമർശിച്ചതായോ ഒരു കിംവദന്തി കേട്ടാ ഉടനെ അവരെ കഴുത്തറുത്ത് തല ഹാജറാക്കാ കൊട്ടേഷസംഘത്തെ അയക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരം നിരവധി സംഭവങ്ങ ചരിത്രത്തി രേഖപ്പെട്ടു കിടക്കുന്നു. അതൊക്കെ തന്നെയാണീ മതഭ്രാന്തിനു പ്രേരകമാകുന്നത്."
അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ രാജ്യത്തിന്‍റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരെ ഉന്‍മൂലനം ചെയ്തത് മാറ്റി വച്ചാല്‍ അങ്ങേയറ്റം സമാധാന പരമായാണ്‌ മുഹമ്മദ് നബി പ്രവര്‍ത്തിച്ചതെന്ന് കാണാം. രാഷ്ട്രത്തിന്‍റെ അഖണ്ഡത തകര്‍ക്കുന്നവര്‍ക്കെതിരെ ഏത് കാലത്തും ഭരണകൂടങ്ങള്‍ കര്‍ക്കശ നിലപാടുകള്‍ എടുക്കാറുണ്ട്. ഇല്ലെങ്കില്‍ രാജ്യം ശിഥിലമാകും; അക്രമവും അരാജകത്വവും നടമാടും. രാജ്യനിവാസികളെ രക്ഷിക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അല്‍പ്പം കടും കൈ കാണിച്ചും ഈ ദൌത്യം നിര്‍വ്വഹിക്കാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമാണ്‌. ഇത് ചെയ്യാത്ത ഭരണകൂടം ആ പേരിന്നര്‍ഹമല്ല. പ്രവാചകന്‍റെ ഭരണകൂടവും ഇതിന്നപവാദമല്ല.

പ്രവാചകന്‍റെ അങ്ങേയറ്റത്തെ ക്ഷമക്കും അസാമാന്യമായ സഹിഷ്ണുതക്കും  ഉദാഹരണമായി പ്രവാചക പത്നി ആയിശ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം കാണുക: ഒരിക്കല്‍ യഹൂദന്‍മാരുടെ ഒരു സംഘം പ്രവാചക സന്നിധിയില്‍ വന്നു. അപ്പോള്‍ അവര്‍ 'അസ്സാമു അലൈകും' (നിങ്ങള്‍ക്ക് നാശമുണ്ടാകട്ടെ) എന്ന് പറഞ്ഞു.
ഉടനെ ആയിശ അവരോട് പറഞ്ഞു: വ അലൈകുമുസ്സാമു വല്ല അ്‌ന. (നിങ്ങള്‍ക്ക് നാശവും ശാപവും ഉണ്ടാകട്ടെ)
ഇത് കേട്ട നബിയുടെ പ്രതികരണം: നീ അടങ്ങ് ആയിശാ. അല്ലാഹു സൌമ്യനാണ്‌; എല്ലാ കാര്യത്തിലും സൌമ്യതയാണ്‌ അവന്‍ ഇഷ്ടപ്പെടുന്നത്.
ആയിശ: അവര്‍ പറഞ്ഞത് താങ്കള്‍ കേട്ടില്ലേ?
പ്രവാചകന്‍: അതെ, ഞാന്‍ വ അലൈകും (നിങ്ങള്‍ക്കും) എന്ന് മറുപടിയും പറഞ്ഞല്ലോ.  (ബുഖാരി 6415)
ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
മദീനയിലെ ഭരണാധികാരിയുടെ മുഖത്ത് നോക്കിയാണ്‌ അങ്ങേയറ്റം ധിക്കാരപരമായ ഈ അസഭ്യം അവര്‍ പറഞ്ഞത്. മാത്രമല്ല; 'അസ്സലാമു അലൈകും' (നിങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെ)  എന്ന ഇസ്‌ലാമിന്‍റെ ഔദ്യോഗിക അഭിവാദന വാക്യം വികൃതമാക്കിയാണ്‌ അവര്‍ പ്രവാചകനെ നിന്ദിച്ചത്. ഇത് ഒരു കിംവദന്തിയായിരുന്നില്ല. നേരിട്ട് പ്രവാചകന്‍ അനുഭവിച്ചതായിരുന്നു. എന്നിട്ടും പ്രവാചകന്‍ ക്ഷമിച്ചു; സൌമ്യത കാണിച്ചു; അല്ലാഹു സൌമ്യനാണെന്നും എല്ലാ കാര്യത്തിലും അവന്‍ സൌമ്യത ഇഷ്ടപ്പെടുന്നുവെന്നും പ്രഖ്യാപിക്കുകയും ചെയ്തു.
ഇത് കേട്ടാലും ജബ്ബാര്‍ പറയുമായിരിക്കും: 'തട്ടിപ്പ് വെറും തട്ടിപ്പ്' എന്ന്.

പ്രവാചകന്‍ യുദ്ധം ചെയ്തെന്നും വെട്ടിപ്പിടിച്ചെന്നുമാണല്ലോ മറ്റൊരാരോപണം. ഇതിന്‍റെ നിജസ്ഥിതി ശ്രീ. ഇടമറുകിന്‍റെ 'ഖുര്‍ആന്‍ ഒരു വിമര്‍ശന പഠന'ത്തില്‍ ഇങ്ങനെ വായിക്കാം: "മദീനയിലെത്തിയ മുഹമ്മദും അനുയായികളുമായി അവിടത്തുകാര്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടു. മുഹമ്മദിനെ അവര്‍ ആ നഗരരാഷ്ട്രത്തിന്‍റെ അധിപനാക്കി.  മക്കാ നിവാസികള്‍ക്ക് ഇത് സഹിച്ചില്ല. മദീനത്ത് അദ്ദേഹത്തിന്‍റെ ശക്തി വര്‍ദ്ധിച്ചു വരുന്നതില്‍ അസൂയയുണ്ടായിരുന്ന യൂദ കച്ചവടക്കാര്‍ മക്കക്കാരെ പറഞ്ഞ് ഇളക്കുകയും ചെയ്തു. അതിന്‍റെ ഫലമായി ഖുറൈശികള്‍ മദീനക്കെതിരെ യുദ്ധത്തിന്ന് പുറപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ നബിയും അനുയായികളും മുന്നൂറില്‍ ചില്വാനം  ആളുകള്‍ ഉള്‍പ്പെടുന്ന ഒരു ചെറിയ സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട്  അവരെ എതിര്‍ക്കാന്‍ പുറപ്പെട്ടു. ബദര്‍ എന്ന സ്ഥലത്ത് വെച്ച് രണ്ട് സൈന്യങ്ങളും ഏറ്റുമുട്ടി. അംഗ സംഖ്യ കുറവായിരുന്നെങ്കിലും മുഹമ്മദിന്‍റെ സൈന്യമാണ്‌ വിജയിച്ചത്. ഇസ്‌ലാം മത ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവമാണിത്. ഖുറൈശികളുടെ പ്രതാപം തകരാന്‍ ഇത് കാരണമാക്കി. എങ്കിലും പിറ്റെ കൊല്ലം അവര്‍ വീണ്ടും യുദ്ധത്തിന്‌ വന്നു. ഉഹുദ് മലയുടെ താഴ്വാരത്തില്‍ വെച്ച് നടന്ന യുദ്ധത്തില്‍ ഇരു കൂട്ടര്‍ക്കും വമ്പിച്ച നഷ്ടമുണ്ടായി. ഇതോടെ മദീന അക്രമിച്ച് കീഴടക്കാമെന്ന മോഹം ഖുറൈശികള്‍ക്കില്ലാതായി."  (ഖുര്‍ആന്‍ ഒരു വിമര്‍ശന പഠനം പേജ് 51, 52)
യുദ്ധോല്‍സുകത ആര്‍ക്കാണുണ്ടായിരുന്നതെന്നും ആര്‌ ആരോടാണ്‌ യുദ്ധത്തിന്‌ പുറപ്പെട്ടതെന്നും ഇവിടെ വ്യക്തമായിരിക്കുകയാണ്‌. എന്നാല്‍ ഉദ്ധരണിയുടെ അവസാന വാചകത്തില്‍ സൂക്ഷ്മതക്കുറവുണ്ട്. കാരണം മൂന്നാമതൊരിക്കല്‍ക്കൂടി അവര്‍ സര്‍വ്വ ശക്തിയും സംഭരിച്ച് മദീനക്കെതിരെ ഒരാക്രമണം കൂടി നടത്തിയിരുന്നു. അതാണ്‌ ഖന്ദഖ് (കിടങ്ങ്) യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. യുദ്ധത്തിന്‌ വന്ന ഭീമന്‍ സൈന്യത്തില്‍ നിന്ന് മദീനയെ രക്ഷിക്കാന്‍ വേണ്ടി മദീനക്ക് ചുറ്റും കിടങ്ങ് തീര്‍ത്ത് യുദ്ധം ഒഴിവാക്കാനുള്ള വഴി തേടുകയായിരുന്നു പ്രവാചകന്‍. ഈ യുദ്ധത്തില്‍ അല്ലാഹുവിന്‍റെ ഇടപെടല്‍ മൂലം അല്‍ഭുതകരമായാണ്‌ പ്രവാചകനും വിശ്വാസികളും മദീനയും രക്ഷപ്പെട്ടത്.
ഈ ഭാഗം വിട്ടുകളഞ്ഞിട്ട് അതിന്‍റെ ശേഷം  നടന്ന ചില കാര്യങ്ങള്‍ ഉഹ്ദ് യുദ്ധത്തിന്‍റെ തുടര്‍ച്ചയെന്നോണം വിവരിക്കുകയാണ്‌ ശ്രീ ഇടമറുക് ചെയ്തത്. ആ ഭാഗം ഇങ്ങനെ: "അടുത്തുള്ള ചില കോട്ടകള്‍ അക്രമിച്ച് കൊള്ളയടിക്കാനും ആളുകളെ തടവുകാരായി പിടിക്കാനും മുഹമ്മദും അനുയായികളും തയ്യാറായി." (പേജ് 52)
മദീനയിലെ താമസക്കാരായിരുന്ന യഹൂദന്‍മാര്‍ പ്രവാചകനുമായി സഖ്യത്തിലായിരുന്നു. എങ്കിലും തക്കം കിട്ടുമ്പോഴൊക്കെ മുസ്‌ലിംകളെ വഞ്ചിക്കാനും പ്രവാചകനെ വധിക്കാന്‍ ശ്രമിക്കാനും അവര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. മാപ്പര്‍ഹിക്കാത്ത ഈ രാജ്യദ്രോഹത്തിനുള്ള ശിക്ഷ പ്രവാചകന്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു. ഇവിടെ പ്രവാചകന്‍റെ നടപടിയെ അക്രമം, കൊള്ള, കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കുകയും അതിന്ന് പ്രവാചകനെ നിര്‍ബന്ധിതനാക്കിയ സാഹചര്യം ഒളിച്ച് വയ്ക്കുകയുമാണ്‌ വിമര്‍ശകന്‍മാര്‍ സാധാരണ ചെയ്യാറുള്ളത്. ഈ ശ്രമം ശ്രീ ഇടമറുകും നടത്തുന്നുണ്ട്. എന്നിട്ടും അദ്ദേഹം ചില സത്യങ്ങള്‍ തുറന്നു പറയാന്‍ നിര്‍ബന്ധിതനാകുന്നു എന്ന് മാത്രം.

"വലിയ രക്തച്ചൊരിച്ചിലൊന്നും കൂടാതെ തന്നെ മക്ക കീഴടങ്ങി" (പേജ് 52) എന്നും ഇടമറുക് എഴുതുന്നു. ഇതിന്ന് തൊട്ട് മുമ്പുള്ള വളരെ പ്രധാനപ്പെട്ട ഒന്നാണ്‌ ഹുദൈബിയാ സന്ധി. ഈ കാര്യവും ഇടമറുക് വിട്ടുകളഞ്ഞിരിക്കുന്നു. ഖുരൈശികളുമായി ഉണ്ടാക്കിയ ഒരു യുദ്ധമില്ലാ കരാറായിരുനു ഇത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുറൈശികള്‍ തന്നെ കരാര്‍ ലംഘിച്ചു. അതിന്ന്  ശേഷമാണ്‌ മക്ക വിജയം നടന്നത്. ഇടമറുക് എഴുതുന്നു: (മക്ക വിജയത്തെ) "തുടര്‍ന്ന് സമീപത്തുള്ള ശത്രുക്കളുടെ ഗോത്രങ്ങളെയും മുസ്‌ലിം സൈന്യം പരാചയപ്പെടുത്തി." (പേജ് 52) ഇത് കേട്ടാല്‍ തോന്നുക മുസ്‌ലിംകള്‍ യുദ്ധം ചെയ്യാന്‍ ആളുകളെയും തിരഞ്ഞ് നടക്കുകയായിരുന്നു എന്നാണ്‌. 
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിതാണ്‌. മക്ക വിജയം കഴിഞ്ഞ് ആശ്വാസത്തിലും ആഹ്ലാദത്തിലുമായിരുന്ന മുസ്‌ലിംകളെ നേരിടാന്‍ മക്കയുടെ സമീപത്ത് വസിക്കുന്ന ഹവാസിന്‍, സഖീഫ്, നദ്‌റ്‌, ജുശം ഗോത്രങ്ങള്‍ ഒരുങ്ങി മക്കക്ക് നേരെ പുറപ്പെട്ടതറിഞ്ഞ്  അവര്‍ക്കങ്ങോട്ട് പുറപ്പെടേണ്ടി വരികയായിരുന്നു ചെയ്തത്. മറ്റുള്ളവര്‍ ഇങ്ങോട്ട് യുദ്ധത്തിന്ന് വരുമ്പോള്‍ പ്രവാചകന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു? മറ്റൊരു യുദ്ധത്തിന്‍റെ നിര്‍ബന്ധിതാവസ്ഥ ശ്രീ ഇടമറുക് വിവരിക്കുന്നത് കാണുക: "ഇങ്ങനെ പശ്ചിമ അറേബ്യയില്‍  ഒരു സുശക്തമായ മുസ്ളിം രാജ്യം വളര്‍ന്നു വരുന്നത് കണ്ടപ്പോള്‍ സിറിയന്‍ രാജാവ് യുദ്ധത്തിനൊരുങ്ങി. മുഹമ്മദും പടയൊരുക്കം ചെയ്തു. തബൂക്ക് എന്ന സ്ഥലം വരെ മുസ്ലിം സൈന്യം നീങ്ങി. അവിടെ വെച്ച് സന്ധി ചെയ്ത് സിറിയന്‍ രാജാവ് പിന്‍വാങ്ങി. ഇതോടെ അറേബ്യ മുഴുവന്‍ മുഹമ്മദിന്‍റെ നിയന്ത്രണത്തില്‍ വന്നു. (പേജ് 52, 53)

അഥവാ മുഹമ്മദ് നബി യുദ്ധോല്‍സുകനായിരുന്നില്ല. അനിവാര്യമായ ഘട്ടങ്ങളില്‍ അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിലും. മനുഷ്യന്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുകയായിരുനു പ്രവാചകന്‍റെ ലക്‌ഷ്യം. അത് അനുവദിക്കാത്തവര്‍ക്കെതിരെ, പ്രവാചകനെയും ഇസ്‌ലാമിക സമൂഹത്തെയും നശിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ, അതും മറ്റെല്ലാ വഴിയും അടയുമ്പോള്‍ അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്.  ഇസ്‌ലാമിക സമൂഹത്തിന്‍റെ നില നില്‍പ്പ് ഉറപ്പ് വരുത്താന്‍ വേണ്ടി അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമാണ്‌ പ്രവാചകന്‍ ആയുധമെടുത്തിട്ടുള്ളത്. 
കെ.കെ. ആലിക്കോയ

No comments:

Post a Comment