മക്കയിലെ ജനങ്ങളുടെ സംസ്കാരം
മുഹമ്മദ് നബിയെ തിരസ്‌കരിച്ച മക്കയിലെ ജനങ്ങളുടെ സംസ്കാരം വളരെ ഉന്നതമായിരുന്നുവെന്നാണല്ലോ യുക്തിവാദി ഇ.എ. ജബ്ബാറിന്‍റെ കാഴ്ചപ്പാട്.
എന്നാല്‍, മക്കയില്‍ ജനിക്കുകയും വളരുകയും ചെയ്ത ജഅ്‌ഫര്‍ ബിന്‍ അബൂ ത്വാലിബ് അവരുടെ സാംസ്കരിക ഔന്നത്യം എത്ര മാത്രം ഉണ്ടായിരുന്നുവെന്ന് വിശദീകരിക്കുന്നത് ചരിത്രത്തില്‍ കാണാം. മുസ്‌ലിംകള്‍ക്ക് നേരെ മക്കയിലെ അവിശ്വാസികള്‍ അസഹ്യമായ അക്രമം അഴിച്ചു വിട്ടപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി അവര്‍ അബ്സീനിയായിലേക്ക് പലായനം ചെയ്തിരുന്നു.
എന്നാല്‍ വിശ്വാസികളെ അവിടെയും നില്‍ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി രണ്ടു ഖുറൈശി പ്രമുഖരായ അബൂസുഫ്‌യാനും അംറ് ബിന്‍ ആസും അബ്സീനിയന്‍ രാജാവിനെ സന്ദര്‍ശിക്കുകയുണ്ടായി. രാജാവ് നേഗസ് (നജ്ജാശി) മുസ്‌ലിംകളെ വിളിച്ചു വരുത്തി. അവരോട് ചോദിച്ചു: 'നിങ്ങളുടെ സ്വന്തം മതം പരിത്യജിക്കാനും എന്‍റെ മതമോ (ക്രിസ്തു മതം) മറ്റേതെങ്കിലും മതമോ സ്വീകരിക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിച്ച ഈ പുതിയ മതം ഏതാണ്?'
ഇതിന്ന് മറുപടിയായി അബൂ താലിബിന്‍റെ മകന്‍ ജ അ്‌ഫര്‍ നടത്തിയ പ്രസംഗം ഇസ്‌ലാമിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരദ്ധ്യായമാണ്.
ജ അ്‌ഫര്‍: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും അസാന്‍മാര്‍ഗ്ഗിക പ്രവൃത്തികള്‍ നടത്തുകയും കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്തുകയും അയല്‍വാസിയെ ദ്രോഹിക്കുകയും ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഒരു ദൈവ ദൂതനെ അയച്ചു തന്നു. അദ്ദേഹത്തിന്‍റെ തറവാടും കുലീനതയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്ക് പരിചയമുണ്ട്.
അദ്ദേഹം ഞങ്ങളെ ഏക ദൈവത്തിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനെ കൂടാതെ ഞങ്ങളും പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ശിലാവിഗ്രഹങ്ങളെ പരിത്യജിക്കുവാനും ഞങ്ങളോടാവശ്യപ്പെട്ടു. സത്യം പറയുക, വാക്കുപാലിക്കുക, കുടുംബ ബന്ധം നിലനിര്‍ത്തുക, അയല്‍വാസിക്ക് നന്‍മ ചെയ്യുക, രക്തം ചിന്താതിരിക്കുക, നീചകൃത്യങ്ങളും മ്ലേച്ചവൃത്തികളും ത്യജിക്കുക, പതിവ്രതകള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് നിറുത്തുക - ഇതെല്ലാമാണ് അദ്ദേഹം ഞങ്ങളെ ഉല്‍ബോധിപ്പിച്ചത്.
ആരാധന അല്ലാഹുവിന് മാത്രം ചെയ്യുവാനും അവന് തുല്യരെ ഉണ്ടാക്കാതിരിക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിച്ചു. നമസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും സകാത്ത് കൊടുക്കാനും ഉപദേശിച്ചു. -അദ്ദേഹം ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു.- അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തെ അനുഗമിച്ചു. അല്ലാഹുവില്‍ നിന്ന് അദേഹം കൊണ്ട് വന്നത് അംഗീകരിച്ചു. അങ്ങനെ ഞങ്ങള്‍ അല്ലാഹുവില്‍ ആരെയും പങ്ക് ചേര്‍ക്കാതെ അവനെ മാത്രം ആരാധിച്ചു. അവന്‍ നിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിച്ചു. അവന്‍ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഞങ്ങളെ ദ്രോഹിച്ചു. ഞങ്ങളെ മര്‍ദ്ദിച്ചു. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം ബിംബാരാധനയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഞങ്ങളെ പീഡിപ്പിച്ചു. ഞങ്ങള്‍ പരിത്യജിച്ച നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യാന്‍ പ്രേരിപ്പിച്ചു. അവര്‍ ഞങ്ങളെ കീഴടക്കുകയും ആക്രമിക്കുകയും ഞങ്ങളുടെ മതമാചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു…… "
ജ അ്‌ഫര്‍ പറഞ്ഞതൊന്നും ഖുറൈശി പ്രമുഖര്‍ക്ക് നിഷേധിക്കാന്‍ സാധിച്ചില്ല. മുസ്‌ലിം അഭയാര്‍ത്ഥികളെ അബ്സീനിയയില്‍ നിന്ന് പുറത്താക്കാണമെന്ന അവരുടെ അപേക്ഷ രാജാവ് നിരസിക്കുകയും അവര്‍ നിരാശരായി മടങ്ങുകയും ചെയ്തു.
എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇങ്ങ് കേരളത്തിലിരുന്ന് ഇ.എ. ജബ്ബാര്‍ അതൊക്കെ നിഷേധിക്കുന്നു. ഇതാണ് യുക്തിവാദം.
കെ.കെ. ആലിക്കോയ
No comments:
Post a Comment