'ഹിജ്‌റ ഒരാസൂത്രിത ഗൂഢാലോചനയുടെ ഫലം' എന്ന ജബ്ബാറിന്‍റെ ലേഖനം (samvadam blog) പ്രവാചക വിരോധത്തിന്‍റെ വിഷം വമിക്കുന്നത് തന്നെയായതില്‍ ഒട്ടും അല്‍ഭുതമില്ല. അദ്ദേഹത്തില്‍ നിന്ന് അതല്ലാതെ പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. കഴിഞ്ഞ പോസ്റ്റില്‍ ജബ്ബാറുമായി സംവദിച്ചതിന്‍റെ അനുഭവം മുമ്പിലുണ്ട്. യാതൊരു നന്‍മയും ഇസ്‌ലാമിനുണ്ടെന്ന് സമ്മതിക്കാന്‍ കഴിയാത്ത ആളാണദ്ദേഹം. ഇസ്‌ലാമിനോടും പ്രവാചകനോടും കടുത്ത വെറുപ്പും വിദ്വേഷവുമാണദ്ദേഹത്തിന്. അത്കൊണ്ട് തന്നെ പ്രവാചക ചരിത്രത്തിലെ അതി മഹത്തായ ഒരേടാകുന്ന ഹിജ്‌റയെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ വിലയിരുത്താന്‍ അദേഹത്തിന്ന് കഴിയില്ലെന്ന് വ്യക്തം. ഹിജ്‌റയെ മനസ്സിലാക്കാന്‍ ഹിജ്‌റയുടെ ചരിത്രം മാത്രമറീഞ്ഞാല്‍ പോരാ; അതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി അറിയണം. അല്‍പ്പം വിശദീകരിച്ചേ മതിയാക്കു. ക്ഷമയോടെ വായിക്കാന്‍ താല്‍പര്യം.
അനുകൂല സാഹചര്യം ലഭിച്ചാല്‍ തഴച്ചുവളരാന്‍ സധ്യതയുള്ളതാണ് ഇസ്‌ലാം എന്ന് ശത്രുക്കള്‍ക്ക് അറിയാമായിരുന്നു. അവരുടെ മനസ്സിനെ അത് വല്ലാതെ ആകര്‍ഷിച്ചതും കീഴടക്കിയതുമാണല്ലോ. എന്നാലും പല കാരണങ്ങളാല്‍ അവര്‍ വിശ്വസിക്കാതെ മാറി നില്‍ക്കുകയായിരുന്നു. പാരമ്പര്യത്തോടുള്ള പ്രേമം, ദുരഹങ്കാരം, അധികാരവും സ്ഥാന മാനങ്ങളും അംഗീകാരവും നഷ്ടപ്പെടുമെന്ന പേടി, ചിലര്‍ക്ക് സമൂഹത്തിലെ പ്രമാണിമാരെ പേടി ഇതൊക്കെയാണല്ലോ അവരെ തടഞ്ഞു നിറുത്തിയിരുന്ന കാരണങ്ങള്‍. മക്കയിലെ ജനങ്ങള്‍ക്ക് വേദം, പ്രവാചകന്‍ തുടങ്ങിയവ പരിചയമില്ലായിരൂന്നു. മാത്രമല്ല; വേദക്കാരായ കൃസ്ത്യാനികള്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ക അബ തകര്‍ക്കാന്‍ വന്നത് അവര്‍ മറന്നിട്ടില്ലായിരുന്നു. മറ്റൊരു വേദത്തെ ക്കുറിച്ച് സംസാരിക്കുന്ന മുഹമ്മദിനെ അവര്‍ അകല്‍ച്ചയോടെ നോക്കിക്കാണാന്‍ ഇതും ഒരു കാരണമായിരുന്നു.
വിശ്വസിക്കാതിരിക്കുക മാത്രമല്ല; മറ്റുള്ളവരെ വിശ്വാസത്തില്‍ നിന്ന് തടയാനും വിശ്വസിച്ചവരെ പിന്തിരിപ്പിക്കാനും അവര്‍ ആവും വിധമെല്ലാം ശ്രമിച്ചിരുന്നു.
ഹിജ്‌റയ്ക്ക് മുമ്പുള്ള ഒമ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ മക്കയിലെ വിശ്വാസികള്‍ പലതും അനുഭവിച്ചു. ചിലര്‍ രക്തസാക്ഷികളായി. എല്ലാവരും പലതരം ശാരീരിക- മാനസിക- സാമ്പത്തിക- സാമൂഹിക പീഡനങ്ങള്‍ക്കിരയായി. പക്ഷെ അവര്‍ പിന്‍വാങ്ങിയില്ല. മുസ്‌ലിമായിക്കഴിഞ്ഞാല്‍ ഇതായിരിക്കും അനുഭവമെന്നറിഞ്ഞിട്ടും പലരും വിശ്വസിക്കാന്‍ മുപോട്ട് വരുകയും ചെയ്തു. സാമ്പത്തികമായും സാമൂഹികമായും താഴ്ന്ന നിലവാരത്തിലുള്ളവരായിരുന്നു അവരില്‍ പലരും. അവരുടെ മോചകനാണ് മുഹമ്മദ് നബിയെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
പ്രവാചകത്വത്തിന്‍റെ നാലാം വര്‍ഷമാണ് പീഡനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഖബ്ബാബ് ബിന്‍ അറത്ത്, ബിലാല്‍ ബിന്‍ റബാഹ്, അമ്മാര്‍, യാസിര്‍, സുമയ്യഃ, സുഹൈബ്, അബു ഫകീഹ, സിന്നീറ, നഹ്ദിയ, ഉമ്മു ഉമൈസ്, ലുബൈന, ആമിര്‍ ബിന്‍ ഫുഹൈറ എന്നി അടിമകള്‍ അതി മൃഗീയമായ പീഡനങ്ങള്‍ക്കിരയായവരാണ്. ഇവരില്‍ ബിലാല്‍, ലുബൈന, സിന്നീറ, ആമിര്‍ ബിന്‍ ഫുഹൈറ, നഹ്ദിയ, ഉമ്മു ഉമൈസ് എന്നിവരെ അബൂബക്കര്‍ വിലക്കെടുത്ത് സ്വതന്ത്രരാക്കുകയും അങ്ങനെ പീഡനത്തില്‍ നിന്ന് മോചിപ്പിക്കുകയുമാണ് ചെയ്തിരുന്നത്.
അടിമകള്‍ മാത്രമല്ല; സ്വതന്ത്രും പ്രഗല്‍ഭരുമായ ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍, അബൂ ദര്‍റ്, സുബൈര്‍ ബിന്‍ അവാം, സ'ഈദ് ബിന്‍ സൈദ് എന്നിവരും ആദ്യ കാലത്ത് ശാരീരിക പീഡനത്തിന്നിരയായ വിശ്വാസികളായിരുന്നു. നാള്‍ക്ക് നാള്‍ അത് വര്‍ദ്ധിച്ചു വന്നു. അത് അസഹനീയമായപ്പോഴാണ് നാട് വിടുന്നതിനെക്കുറിച്ച് അല്ലാഹു അവര്‍ക്ക് സൂചനാ രൂപത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. (ഖുര്‍ആന്‍ 39:10) ആ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്‍റെ തുടക്കമായിരുന്നു അവരുടെ അബ്സീനിയാ പലായനം. പലായനം നടത്തിയത് ആരൊക്കെയായിരുന്നു എന്ന് പരിശോധിച്ചാല്‍ സ്വതന്ത്രന്‍മാരും സമ്പന്നന്‍മാരും പ്രഗല്‍ഭന്‍മാരുമായവര്‍ പോലും സ്വന്തം നാട് വിടാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പലതരം പീഡനങ്ങള്‍ക്കിരയായിരുന്നു എന്ന് കാണാവുന്നതാണ്. ഉഥ്മാന്‍ ബിന്‍ അഫ്ഫാന്‍, ഭാര്യ റുഖിയ്യ (പ്രവാചക പുത്രി), അബൂ ഹുദൈഫഹ് ബിന്‍ ഉത്ബ, ഭാര്യ സഹ്‌ല, സുബൈര്‍ ബിന്‍ അവ്വാം, മുസ്‌അബ് ബിന്‍ ഉമൈര്‍, അബ്ദുര്‍റഹ്‌മാന്‍ ബിന്‍ ഔഫ്, അബു സലമ അല്‍ മഖ്സൂമി, ഭാര്യ ഉമ്മു സലമ, ഉഥ്മാന്‍ ബിന്‍ മദ്ഊന്‍, ആമിര്‍ ബിന്‍ റബീഅ, ഭാര്യ ലൈല, അബു സബ്റ ബിന്‍ അബീ റുഹ്‌മ്, അബൂ ഹാതിബ് ബിന്‍ അംറ്, സുഹൈല്‍ ബിന്‍ ബൈദ, അബ്ദുല്ലാഹ് ബിന്‍ മസ്‌ഊദ് എന്നിവരാണ് ഒന്നാം പലായന സംഘത്തിലുണ്ടായിരുന്നത്. പ്രവാചകത്വത്തിന്‍റെ അഞ്ചാം വര്‍ഷത്തില്‍ ആയിരുന്നു ഇത് നടന്നത്. രാത്രിയുടെ മറവിലാണ് പലായനം നടന്നതെങ്കിലും ആ വിവരം അധികം താമസിയാതെ ശത്രുക്കള്‍ അറിഞ്ഞു; പിന്തുടര്‍ന്നു. എന്നാല്‍ അവര്‍ തുറമുഖത്ത് എത്തും മുമ്പ് വിശ്വാസികള്‍ കയറിയ ബോട്ടുകള്‍ സ്ഥലം വിട്ടിരുന്നു.
അബ്സീനിയായില്‍ അവര്‍ സുരക്ഷിതരായിരുന്നു.
കാരണം, സ്വന്തം പ്രചകളോട് നീതി പാലിക്കുന്ന നേഗസ് ആയിരുനു അവിടം ഭരിച്ചിരുന്നത്.
അതേസമയം, മുസ്‌ലിംകളെ അബ്സീനിയായിലും വച്ച് പൊറുപ്പിക്കില്ലെന്ന നിലപാടായിരുന്നു ഖുറൈശികള്‍ക്ക്. അവര്‍ അബ്ദുല്ലാഹ് ബിന്‍ റബീഅഃ, അംറ് ബിന്‍ ആസ് എന്നിവരെ അങ്ങോട്ടയച്ചു; രാജാവിനുള്ള സമ്മാനങ്ങളും മുസ്‌ലിംകള്‍ക്കെതിരെയുള്ള നുണ ബാണ്ഡങ്ങളുമയിട്ട്. അവിടെ എത്തിയ ഉടനെ അവര്‍ പുരോഹിതരെയും മറ്റ് മുഖ്യന്‍മാരെയും കാണുകയും സമ്മാനങ്ങള്‍ കൊടുത്ത് തൃപ്തരാക്കി കൂടെ നിറുത്തുകയും ചെയ്തു. അടുത്ത ദിവസം രാജാവിന്ന് മുമ്പില്‍ കേസ് എത്തി. ഞങ്ങളുടെ നാട്ടില്‍ നിന്ന് ഓടിപ്പോന്ന, ഒരു പുതിയ മതത്തിന്‍റെ വക്താക്കളായ, ചിലര്‍ ഇവിടെയുണ്ടെന്നും അവരെ ഞങ്ങള്‍ക്ക് വിട്ടു തരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുരോഹിതരും മറ്റു മുഖ്യന്‍മാരും ആ ആവശ്യത്തെ പിന്‍തുണച്ചു. എന്നാല്‍ നീതിമാനായ ആ ഭരണാധികാരി മുസ്‌ലിംകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സന്‍മനസ്സ് കാണിച്ചു. (ഇതില്ലാത്തതാണല്ലോ പലരുടെയും കുഴപ്പം!) ജഅ്‌ഫര്‍ ബിന്‍ അബീ ത്വാലിബിന്‍റെ സുപ്രസിദ്ധമായ പ്രസംഗം ഈ സന്ദര്‍ഭത്തിലാണ് നടന്നത്.
ജ അ്‌ഫര്‍: രാജാവേ, ഞങ്ങള്‍ അജ്ഞരായ ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും ശവം തിന്നുകയും അസാന്‍മാര്‍ഗ്ഗിക പ്രവൃത്തികള്‍ നടത്തുകയും കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്തുകയും അയല്‍വാസിയെ ദ്രോഹിക്കുകയും ശക്തന്‍ അശക്തനെ ചൂഷണം ചെയ്യുകയും ചെയ്തിരുന്ന ഒരു ജനത. അങ്ങനെയിരിക്കെ അല്ലാഹു ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെ ഒരു ദൈവ ദൂതനെ അയച്ചു തന്നു. അദ്ദേഹത്തിന്‍റെ തറവാടും കുലീനതയും സത്യസന്ധതയും വിശ്വസ്തതയും ഞങ്ങള്‍ക്ക് പരിചയമുണ്ട്.
അദ്ദേഹം ഞങ്ങളെ ഏക ദൈവത്തിലേക്ക് ക്ഷണിച്ചു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവനെ കൂടാതെ ഞങ്ങളും പൂര്‍വ്വ പിതാക്കളും ആരാധിച്ചിരുന്ന ശിലാവിഗ്രഹങ്ങളെ പരിത്യജിക്കുവാനും ഞങ്ങളോടാവശ്യപ്പെട്ടു. സത്യം പറയുക,വാക്കുപാലിക്കുക, കുടുംബ ബന്ധം നിലനിര്‍ത്തുക, അയല്‍വാസിക്ക് നന്‍മ ചെയ്യുക, രക്തം ചിന്താതിരിക്കുക,നീചകൃത്യങ്ങളും മ്ലേച്ചവൃത്തികളും ത്യജിക്കുക, പതിവ്രതകള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത് നിറുത്തുക - ഇതെല്ലാമാണ് അദ്ദേഹം ഞങ്ങളെ ഉല്‍ബോധിപ്പിച്ചത്.
ആരാധന അല്ലാഹുവിന് മാത്രം ചെയ്യുവാനും അവന് തുല്യരെ ഉണ്ടാക്കാതിരിക്കാനും അദ്ദേഹം ഞങ്ങളോട് കല്‍പ്പിച്ചു. നമസ്‌കരിക്കാനും നോമ്പ് നോല്‍ക്കാനും സകാത്ത് കൊടുക്കാനും ഉപദേശിച്ചു.-അദ്ദേഹം ഇസ്‌ലാം പഠിപ്പിച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു.-അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹത്തെ അനുഗമിച്ചു. അല്ലാഹുവില്‍ നിന്ന് അദേഹം കൊണ്ട് വന്നത് അംഗീകരിച്ചു. അങ്ങനെ ഞങ്ങള്‍ അല്ലാഹുവില്‍ ആരെയും പങ്ക് ചേര്‍ക്കാതെ അവനെ മാത്രം ആരാധിച്ചു. അവന്‍ നിരോധിച്ച കാര്യങ്ങള്‍ ഉപേക്ഷിച്ചു. അവന്‍ അനുവദിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളുടെ ജനത ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. ഞങ്ങളെ ദ്രോഹിച്ചു. ഞങ്ങളെ മര്‍ദ്ദിച്ചു. അല്ലാഹുവിനെ ആരാധിക്കുന്നതിനു പകരം ബിംബാരാധനയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ഞങ്ങളെ പീഡിപ്പിച്ചു. ഞങ്ങള്‍ പരിത്യജിച്ച നീചകൃത്യങ്ങള്‍ വീണ്ടും ചെയ്യാന്‍ പ്രേരിപ്പിച്ചു. അവര്‍ ഞങ്ങളെ കീഴടക്കുകയും ആക്രമിക്കുകയും ഞങ്ങളുടെ മതമാചരിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ നാട്ടിലേക്ക് പോന്നു…… "
ജ അ്‌ഫര്‍ പറഞ്ഞതൊന്നും ഖുറൈശി പ്രമുഖര്‍ക്ക് നിഷേധിക്കാന്‍ സാധിച്ചില്ല. മുസ്‌ലിംകള്‍ക്കെതിരെയുള അവരുടെ ഗൂഢതന്ത്രങ്ങള്‍ വിലപ്പോയില്ല. അഭയാര്‍ത്ഥികളെ അബ്സീനിയയില്‍ നിന്ന് പുറത്താക്കാണമെന്ന അവരുടെ അപേക്ഷ രാജാവ് നിരസിക്കുകയും അവര്‍ നിരാശരായി മടങ്ങുകയും ചെയ്തു.
എന്നാല്‍ മക്കയില്‍ ഖൂറൈശികള്‍ ഇസ്‌ലാം സ്വീകരിച്ചുവെന്ന തെറ്റായ ഒരു വര്‍ത്തയെത്തുടര്‍ന്ന്, നാലു മാസത്തിനകം അവര്‍ മക്കയിലേക്ക് മടങ്ങി. വീണ്ടും കടുത്ത പീഡനങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. അതിനാല്‍ അടുത്ത തവണ കൂടുതല്‍ ആളുകള്‍ അബ്സീനിയായിലേക്ക് പലായനം നടത്താന്‍ തീരുമനിച്ചു. പലായനം തടയാന്‍ ശത്രുക്കള്‍ വ്യഗ്രത കാണിച്ച തിനാല്‍ ഇത്തവണ പലായനം ആദ്യത്തേതിനേക്കാള്‍ പ്രയാസകരമായിരുന്നു. ഒരിക്കല്‍ അമളി പറ്റിയെങ്കിലും ഇനി അതുണ്ടാവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാലും വളരെ താമസം കൂടാതെ വിശ്വാസികള്‍ അബ്സിനിയായിലേക്ക് രണ്ടാം പലായനം നടത്തി. 83 പുരുഷന്‍മാരും 18 സ്ത്രീകളുമുണ്ടായിരുനു ആ സംഘത്തില്‍. അവര്‍ പിന്നീട് മക്കയിലേക്ക് മടങ്ങിയിട്ടില്ല; പ്രവാചകന്‍റെ ഹിജ്‌റയ്ക്ക് ശേഷം മദീനയിലേക്ക് പോവുകയാണ് ചെയ്തത്.
ഈ സംഘത്തോടൊപ്പം (പിന്നീട്, ഇസ്‌ലാമിന്‍റെ ഒന്നാം ഖലീഫഃ) അബൂബക്കര്‍ സിദ്ദീഖും പുറപ്പെട്ടിരുന്നു. ഖുറൈശി ഗോത്രത്തില്‍ പെട്ട ശക്തമായ ഒരു കുടുംബത്തിലെ അംഗമായിരുന്നിട്ട് പോലും അദ്ദേഹത്തിന്ന് പലായനം നടത്തേണ്ടി വന്നത് കാര്യത്തിന്‍റെ അപകടാവസ്ഥ ബോധ്യപ്പെടുത്തുന്നുണ്ട്. പലായന മദ്ധ്യേ ഖുറൈശികളില്‍ മറ്റൊരു വിഭാഗമായ ഖാറഃ കുടുംബത്തിന്‍റെ തലവന്‍ ഇബ്നു ദ്ദുഗുന്നയുമായി അദ്ദേഹം കണ്ടു മുട്ടി. 'താങ്കളെവിടെപ്പോകുന്നു?' അയാള്‍ ചോദിച്ചു. 'എന്‍റെ സ്വന്തക്കാര്‍ എന്നെ നാട്ടില്‍ സമാധാന പൂര്‍വ്വം ജീവിക്കാന്‍ അനുവദിക്കുന്നില്ല; അത്കൊണ്ട് നാട് വിടുകയാണ്' എന്ന് അബൂ ബക്കര്‍. 'താങ്കളെപ്പോലുള്ളവര്‍ പുറത്ത് പോവുകയോ പുറത്താക്കപ്പെടുകയോ ചെയ്യരുത്.' എന്ന് പറഞ്ഞ് ഇബ്നു ദ്ദുഗുന്നഃ അദ്ദേഹത്തെ കൂട്ടി മക്കയില്‍ വരുകയും 'അബൂ ബക്കറിന്‍റെ സംരക്ഷണം താന്‍ ഏറ്റെടുത്ത'തായി മക്കയില്‍ അറിയിക്കുകയും ചെയ്തു. ഒരു നിബന്ധനയാരുന്നു അവര്‍ മുമ്പോട്ട് വച്ചത്. 'നമസ്‌കരിക്കുമ്പോള്‍ അബൂബക്കര്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണന്‍ ചെയ്യാന്‍ പാടില്ല' എന്ന്. കാരണം ഖുര്‍ആന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എല്ലാവരെയും വല്ലാതെ ആകര്‍ഷിച്ചിരുന്നു. ആ നിബന്ധന അബൂബക്കര്‍ സമ്മതിച്ചെങ്കിലും അധിക നാള്‍ ആ നില തുടരാന്‍ അദ്ദേഹത്തിന്‍റെ മനസ്സ് സമ്മതിച്ചില്ല. അതിനാല്‍ പിന്നിട് ഇബ്നു ദ്ദുഗുന്നഃ സംരക്ഷണം പിന്‍വലിച്ചു.
ഈ സമയത്തെല്ലാം പ്രവാചകന്‍റെ വംശമായ ഹാശിം വംശത്തിന്‍റെ തലവന്‍ അബൂ ത്വാലിബ് ആയിരുന്നതിനാല്‍ ശത്രുക്കള്‍ പ്രവാചകനെ ശാരീരികമായി പീഡിപ്പിക്കുവാന്‍ ധൈര്യപ്പെട്ടില്ല. പ്രവാചകനെയോ വിശ്വാസികളെയോ ഭയന്നിട്ടായിരുന്നില്ല; ഹാശിം കുടുംബത്തെ ഭയന്നിട്ടായിരുന്നു ഇത്. ഇത് മനസ്സിലാക്കാന്‍ അറബികളുടെ ഗോത്ര വര്‍ഗ്ഗ രീതികള്‍ മനസ്സിലാക്കണം. ന്യായത്തിലും അന്യായത്തിലും സ്വന്തം ഗോത്രത്തെയും ഗോത്രത്തിലെ ഓരോ അംഗത്തെയും പിന്തുണക്കുക എന്നതായിരുന്നു അവരുടെ രീതി. ആ രീതിയനുസരിച്ച് മുഹമ്മദ് നബിയുടെ ദേഹത്ത് ആരെങ്കിലും കൈ വച്ചാല്‍ ഹാശിം കുടുംബം അതിന്ന് പ്രതികാരം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്‍റെ പ്രവാചകത്വം അവര്‍ അംഗീകരിക്കുന്നില്ലെങ്കിലും! ഇത് മറ്റുള്ളവര്‍ക്ക് ഭയമായിരുന്നു. അത് കൊണ്ടാണ് അവര്‍ നബിയെ വെറുതെ വിട്ടത്. അല്ലാതെ അവരുടെ മാന്യത കൊണ്ടോ അവര്‍ ജനാധിപത്യ മര്യാദകള്‍ പാലിച്ചത് കൊണ്ടോ ആയിരുന്നില്ല. ഈ ഭയത്തെയാണ് പ്രവാചക വിമര്‍ശകന്‍മാര്‍ മക്കക്കാരുടെ മഹത്വമായും ജനാധിപത്യ മര്യാദയായും മറ്റും പാടിപ്പുകഴ്ത്താറുള്ളത്. പ്രവാചകനെ ഇകഴ്ത്താന്‍ വേണ്ടി ആരെയും എന്തിനെയും പുകഴ്ത്താന്‍ മടിക്കാത്ത ഇവര്‍ ഇതും ഇതിലപ്പുറവും ചെയ്യും.
ഇങ്ങനെയൊരു ഭയമുണ്ടായിരുന്നതിനാലാണ് അവര്‍ പ്രവാചകനെ പിന്തിരിപ്പിക്കാന്‍ വേണ്ടി അബൂ ത്വാലിബിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്. അബൂ ത്വാലിബ് മുഹമ്മദിനെ കൈവെടിയാന്‍ തയ്യാറായാല്‍, അഥവാ അദ്ദേഹത്തിനുള്ള ഗോത്ര സംരക്ഷണം പിന്‍വലിച്ചാല്‍, അവര്‍ക്ക് പിന്നെ ഒന്നും ഭയക്കാതെ അദ്ദേഹത്തെ കൊല്ലാന്‍ കഴിയുമായിരുന്നു. അതായിരുനു അവിടെ നിലവിലുണ്ടായിരുന്ന സാമൂഹികാവസ്ഥ.
ഇതിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ഖുറൈശി പ്രമുഖനായ വലീദിന്‍റെ, മകന്‍ അമ്മാറഃ യെ അവര്‍ അബൂ ത്വാലിബിന്ന് നല്‍കാമെന്നും അതിന്ന് പകരമായി മുഹമ്മദിനെ അവര്‍ക്ക് വിട്ടു കൊടുക്കണമെന്നും ഒരാവശ്യം അവരുന്നയിച്ചു. അബൂ ത്വാലിബിന്‍റെ മറുപടി ഇപ്രകാരമായിരുന്നു: 'നിങ്ങള്‍ നിങ്ങളുടെ മകനെ എനിക്ക് നല്‍കാമെന്ന് പറയുന്നു; എന്നിട്ട് ഞാന്‍ അവനെ പോറ്റണമെന്നും. പകരം ഞാന്‍ എന്‍റെ മകനെ നിങ്ങള്‍ക്ക് നല്‍കണമെന്നും നിങ്ങളവനെ കൊല്ലുമെന്നും! ആശ്ചര്യകരമായ ഒരു വിലപേശല്‍ തന്നെയാണിത്.' അബൂ ത്വാലിബ് ഒരു വിട്ടുവീഴ്ചയും ചെയ്തില്ല; മുഹമ്മദിനെ കൈവെടിഞ്ഞില്ല.
ഈ സംരക്ഷണത്തിന്ന് ഹാശിമികള്‍ കനത്ത വില നല്‍കേണ്ടി വന്നിട്ടുമുണ്ട്. ഹാശിമികളുമായി സാമ്പത്തിക ഇടപാടുകള്‍, വിവാഹം, സാമൂഹിക ബന്ധങ്ങള്‍ എന്നിവ പാടില്ലെന്ന് തീരുമാനിച്ചുകൊണ്ട് പൂര്‍ണ്ണമായ സാമൂഹികബഹിഷ്കരണം ഏര്‍പ്പെടുത്തുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഹാശിമികള്‍ മക്കയില്‍ നിന്നകലെ അബൂ ത്വാലിബിന്‍റെ ഉടമസ്ഥതയിലുള്ള ഒരു മലഞ്ചെരുവിലേക്ക് താമസം മാറ്റാന്‍ പോലും നിര്‍ബന്ധിതരായി. പ്രവാചകത്വത്തിന്‍റെ ഏഴാം വര്‍ഷം ഒന്നാം മാസം മുതല്‍ ഒമ്പതാം വര്‍ഷം അവസാനിക്കുവോളം ഇത് നീണ്ടു നിന്നു. മുസ്‌ലിംകള്‍ മാത്രമല്ല; അബൂ ത്വാലിബ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഹാശിം വംശക്കാരുമാണ് ഇതിന്നിരയായിരുന്നത്. മുഹമ്മദിനെ വധിക്കന്‍ വിട്ടു കൊടുക്കണമെന്നതായിരുന്നു അവരെടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കുവോളം ബഹിഷ്കരണം തുടരണമെന്നാണ് അവര്‍ നിശ്ചയിച്ചിരുന്നത്. എന്നിട്ടും അബൂ ത്വാലിബ് മുഹമ്മദിന്നുള്ള സംരക്ഷണം പിന്‍വലിച്ചില്ല. മൂന്നു വര്‍ഷത്തിന്ന് ശേഷം, ബഹിഷ്കരണം ഏര്‍പ്പെടുത്തിയവരില്‍ ചിലര്‍ മുന്‍ കൈയെടുത്ത് അത് പിന്‍വലിക്കുകയായിരുന്നു. അങ്ങനെയാണ് ഭക്ഷണം പോലും കിട്ടാത്ത അതി കഠിനമായ ആ ക്രൂരതയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത്.
പ്രവാചകത്വത്തിന്‍റെ പത്താം വര്‍ഷം അബൂ ത്വാലിബും പ്രവാചക പത്നി ഖദീജയും മരണപ്പെട്ടു. ഇതോടെ മക്കയില്‍ പ്രവാചകന്‍റെ നിലനില്‍പ്പ് പറ്റെ അവതാളത്തിലായി. ഈ ഘട്ടത്തിലാണ് സംരക്ഷണം തേടി അദ്ദേഹം ത്വായിഫില്‍ പോയതും അവിടത്തുകാര്‍ പരിഹസിക്കുകയും മര്‍ദ്ദിക്കുകയും മറ്റും ചെയ്തതും.
അവിടെ നിന്ന് മടങ്ങും വഴി അദ്ദേഹം മക്കക്ക് പുറത്ത് ഏതാനും ദിവസം താമസിച്ചു. പിന്നെ ഹിറയില്‍ ചെന്നു. അവിടെ നിന്ന് മക്കയിലെ, അവിശ്വാസിയായ, മുത്‌ഇം ബിന്‍ അദിയ്യിനോട് സംരക്ഷണം തേടിക്കൊണ്ട് ഒരു സന്ദേശം കൊടുത്തയച്ചു. മുത്‌ഇം അതംഗീകരിച്ചു. അദ്ദേഹവും പുത്രന്‌മാരും പ്രവാചകനെ മസ്ജിദുല്‍ ഹറാമിലേക്കാനയിച്ചു. സംരക്ഷണം ഏറ്റെടുത്ത കാര്യം പരസ്യമായി പ്രഖ്യാപിച്ചു. അവിടെ വച്ച് പ്രവാചകന്‍ നമസ്കരിച്ച ശേഷം വീട്ടിലേക്ക് പോയി. മുത്‌ഇമും മക്കളും അവിടെയും അകമ്പടി സേവിച്ചു.
ഈ ഘട്ടത്തില്‍ പ്രവാചകന്‍ മക്കയില്‍ ഹജ്ജിന്നും മറ്റും വരുന്നവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പല ഗോത്രക്കാരെയും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ പ്രവാചന്‍ ചെല്ലുന്നിടത്തെല്ലാം അദ്ദേഹത്തിന്‍റെ പിതൃവ്യനും കടുത്ത ശത്രുവുമായ അബൂ ലഹബ് പിന്തുടരുക പതിവാക്കി. 'ഇവന്‍ മത പരിത്യാഗിയാണ്; കള്ളം പറയുന്നവനാണ്; നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കാന്‍ പറയുന്നവനാണിവന്‍.' എന്നെല്ലാം പറഞ്ഞുകൊണ്ട് ആളുകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും, അത് നടക്കാതെ വരുമ്പോള്‍ ഒച്ച വച്ച് പ്രബോധന പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്നു. ഇതേ ഘട്ടത്തിലാണ് ദുല്‍ മജാസ് ചന്തയില്‍ പ്രബോധനം നടത്തുകയായിരുന്ന പ്രവാചകനെ അബൂ ജഹ്‌ല്‍ മണ്ണു വാരിയെറിഞ്ഞത്. മക്കയില്‍ നമസ്കരിക്കുകയായിരുന്ന പ്രവാചകന്‍റെ കഴുത്തില്‍ ഉഖ്ബ ഒരു തുണി ചുറ്റുകയും അദ്ദേഹത്തെ വലിച്ചിഴക്കുകയും ചെയ്തതു. ഇങ്ങനെ പലപ്പോഴും അദ്ദേഹത്തെ പല പ്രകാരത്തില്‍ പ്രയാസപ്പെടുത്തിയ ചിലരുണ്ട്. അബൂ ജഹ്‌ല്‍, അബൂ ലഹബ്, അസ്‌വദ് ബിന്‍ അബ്ദ് യഗൂഥ്, ഹാരിസ് ബിന്‍ ഖൈസ്, വലീദ് ബിന്‍ മുഗീറ, ഹകീം ബിന്‍ അബ്ദില്‍ ആസ്, ഉമയ്യ ബിന്‍ അബീ ഖലഫ്, അബു ഖൈസ് ബിന്‍ ഫകീഹ്, സുബൈര്‍ ബിന്‍ ഉമയ്യ, സാഇബ് ബിന്‍ സൈഫ്, അസ്‌വദ് ബിന്‍ അബ്ദില്‍ അസദ്, ആസ് ബിന്‍ ഹാശിം, ആസ് ബിന്‍ സൈദ് ബിന്‍ അല്‍ ആസ്, ഉഖ്ബ ബിന്‍ അബീ മുഐത്, ഇബ്നുല്‍ അസദ്, ആസ് ബിന്‍ വാലി, നദ്‌ര്‍ ബിന്‍ ഹാരിഥ്, മുനബ്ബഹ് ബിന്‍ ഹജ്ജാജ്, ഹന്ദലി, അദിയ്യ് ബിന്‍ ഹംറ എന്നിവര്‍ പ്രവാചക പീഡനത്തില്‍ കുപ്രസിദ്ധി ആര്ജ്ജിച്ചവരായിരുന്നു. ഇവരെല്ലാം സമൂഹത്തിലെ വലിയ പണക്കാരും നാട്ടു മൂപ്പന്‍മാരുമായിരുന്നു.
'ദൈവവചനം ജനങ്ങളെ കേള്‍പ്പിക്കുനതില്‍ നിന്ന് ഖുറൈശികള്‍ എന്നെ തടഞ്ഞിരിക്കുന്നു. എന്നെ കൂടെകൂട്ടാനും സ്വന്തം ജനതയോടൊപ്പം ചേര്‍ക്കാനും സംരക്ഷണം നല്‍കാനും തയ്യാറുള്ള ആരെങ്കിലുമുണ്ടോ' എന്ന് അദ്ദേഹം കാണുന്ന ഓരോരുത്തരോടും അന്വേഷിക്കുകയായിരുന്നു.
ഈ ശ്രമം തുടരുന്നതിന്നിടയിലാണ് മദീനയില്‍ നിന്നുള്ള ചിലരെ പ്രവാചകന്ന് സൌകര്യ പൂര്‍വ്വം ലഭിക്കുന്നത്. അവരില്‍ ആറ് പേര്‍ വിശ്വാസികളായി. അവര്‍ മദീനയില്‍ ചെന്ന് പ്രബോധനം ഭംഗിയായി നിര്‍വ്വഹിച്ചു. അവ ഔസ് ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാരാല്‍ നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. അതിന്‍ ഫലമായാണ് അടുത്ത വര്‍ഷം ഈ ആറില്‍ 5 പേരുള്‍പ്പെടെ 12 പേര്‍ വീണ്ടും മുഹമ്മദിനെ സന്ധിക്കുന്നതും ഒന്നാം അഖബ ഉടമ്പടി ഉണ്ടാകുന്നതും. അല്ലാഹുവിനോട് ആരെയും പങ്ക് ചേര്‍ക്കുകയില്ല, മോഷണം നടത്തുകയില്ല; വ്യഭിചരിക്കുകയില്ല, ദാരിദ്ര്യം ഭയന്ന് കുട്ടികളെ കൊല്ലുകയില്ല, അപവാദപ്രചാരണം നടത്തുകയില്ല, അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കും, സന്തോഷ-സന്താപ വേളകളിലെല്ലാം പ്രവാചകനോട് ആത്മാര്‍ത്ഥത പുലര്‍ത്തും ഇവയായിരുന്നു ആ കരാറിലെ വ്യവസ്ഥകള്‍. 'ഈ കരാര്‍ നിങ്ങള്‍ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗം ലഭിക്കും; ലംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ കുറ്റകാരാകും, അല്ലാഹു നിങ്ങളെ ശിക്ഷിക്കുകയോ മാപ്പ് നല്‍കുകയോ ചെയ്യും' എന്ന് പ്രവാചകന്‍ അവരോട് പറഞ്ഞു.
അടുത്ത വര്‍ഷം (പ്രവാചകത്വത്തിന്‍റെ പത്രണ്ടാം വര്‍ഷം) 75 വിശ്വാസികള്‍ മദീനയില്‍ നിന്ന് മക്കയില്‍ വരുകയും പ്രവാചകനുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. ഇതാണ് രണ്ടാം അഖബ ഉടമ്പടി. ആദ്യമായി പ്രവാചകന്‍ അവര്‍ക്ക് ഖുര്‍ആന്‍ വാക്യങ്ങള്‍ ഓതി കേള്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു: 'നിങ്ങളെന്നെ സംരക്ഷിക്കുമെന്ന വ്യവസ്ഥയില്‍ ഞന്‍ നിങ്ങളുമായി സന്ധി ചെയ്യുന്നു. ആ ഉത്തരവാദിത്തം അവരേറ്റെടുത്തു.
'അവസ്ഥ നന്നാകുമ്പോള്‍ താങ്കല്‍ ഞങ്ങളെ വിട്ട് സ്വന്തം നാട്ടിലേക്ക് പോയ്ക്കളയുമോ?' ഒരാള്‍ സംശയം ചോദിച്ചു. നബി പറഞ്ഞു: 'ഒരിക്കലുമില്ല; നിങ്ങള്‍ എന്‍റേതും ഞാന്‍ നിങ്ങളുടേതുമാണ്. നിങ്ങളോട് യുദ്ധം ചെയ്യുന്നവനോട് ഞാന്‍ യുദ്ധം ചെയ്യും. നിങ്ങളോട് സമാധാനത്തില്‍ വര്‍ത്തിക്കുന്നവനോട് ഞാനും സമാധാനത്തില്‍ വര്‍ത്തിക്കും.'
അവരിലൊരാള്‍ (അബ്ബാസ് ബിന്‍ ഉബാദ) പറഞ്ഞു: 'ഇദ്ദേഹം സത്യവാനാണെന്ന് നമുക്ക് ബോദ്ധ്യം വന്നിരിക്കുന്നു. ഈ വ്യക്തിയുമായി കരാറുണ്ടാക്കുമ്പോള്‍ എല്ലാവര്‍ക്കുമെതിരെ യുദ്ധം ചെയ്യുമെന്നാണ് നിങ്ങളുടെ കരാറിന്‍റെ അര്‍ത്ഥം. നിങ്ങള്‍ക്കിത് ഏറ്റെടുക്കാന്‍ കഴിയില്ലെങ്കില്‍ അത് തുറന്ന് പറയണം. അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഒഴികഴിവ് ലഭിക്കും. നിങ്ങള്‍ക്ക് അദ്ദേഹത്തെ സംരക്ഷിക്കാന്‍ സാധിക്കുമെങ്കില്‍ കരാറുണ്ടാക്കാം. കരാറുണ്ടാക്കിയാല്‍ നിങ്ങളത് പാലിക്കണം. അല്ലാതിരുന്നാല്‍ ഈ ലോകത്തും പരലോകത്തും അപമാനമായിരിക്കും ഫലം'. എന്നിട്ട് അദ്ദേഹം പ്രവാചകനോട് ചോദിച്ചു; 'ഇത് ഞങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കെന്താണ് പകരം ലഭിക്കുക?' അദ്ദേഹം പറഞ്ഞു: സ്വര്‍ഗ്ഗം ലഭിക്കും.' അങ്ങനെ അവരുമായി കരാറുണ്ടാക്കുകയും അവരില്‍ നിന്ന് 12 പേരെ അവരുടെ നേതാകന്‍മാരായി നിശ്ചയിക്കുകയും ചെയ്തു. പല തരത്തിലും ഒരു സംരക്ഷകനെ തേടുകയായിരുന്ന പ്രവാചകന്ന് മദീനയിലെ പുതു വിശ്വാസികളെ സംരക്ഷകരായി ലഭിച്ചു. മക്കയിലെ യും താഇഫിലെയും ജനങ്ങള്‍ക്ക് കൈ വരാത്ത സൌഭാഗ്യം അങ്ങനെ അവര്‍ക്ക് ലഭിച്ചു.
നബിയുടെ ശത്രുക്കളില്‍ നിന്നുണ്ടാകാനിടയുള്ള ആക്രമണങ്ങളില്‍ നിന്ന് അദ്ദേഹത്തെ യുദ്ധം ചെയ്തു രക്ഷിച്ചു കൊള്ളാമെന്ന ഒരു വകുപ്പ് ഈ ഉടമ്പടിയിലുണ്ട്. അതോടൊപ്പം 'നിങ്ങള്‍ എല്ലാവരോടും യുദ്ധം ചെയ്യുമെന്നാണ് ഇദ്ദേഹവുമായി കരാറുണ്ടാക്കുന്നതിന്‍റെ അര്‍ത്ഥം' എന്ന വാചകം അവിടെ നടന്ന ചര്‍ച്ചയില്‍ പറയപ്പെട്ടതായി കാണുക കൂടി ചെയ്തു. അത്കൊണ്ടാണ് ഇത് മറ്റുള്ളവരെ കൊല്ലാനും കൊള്ള നടത്താനുമുള്ള കരാറാണെന്നാണ് പ്രവാചക വിമര്‍ശകന്‍മാര്‍ വിളിച്ചു കൂവുന്നത്. എന്നാല്‍ പ്രവാചകന്നും മക്കയിലെ വിശ്വാസികള്‍ക്കുമെതിരെ ഒമ്പത് വര്‍ഷക്കാലമായി ഇടതടവില്ലാതെ നടന്നു വരുന്ന 'യുദ്ധ സമാനമായ അന്തരീക്ഷം' ശരിക്കും മനസ്സിലാക്കിയിട്ടാണ് അവരങ്ങനെ പറഞ്ഞത്. അദ്ദേഹം എവിടെയായിരുന്നാലും ശത്രുക്കള്‍ തേടിയെത്തുമെന്നും അവരോട് യുദ്ധം ചെയ്യേണ്ടി വരുമെന്നുമുള്ള ധ്വനിയാണിതില്‍ യഥാര്‍ത്ഥത്തില്‍ വായിക്കാന്‍ സാധിക്കുക.
ഇതിനെയാണ് അജ-ശുനക ന്യായമനുസരിച്ച് കൊള്ളക്കും കൊലക്കുമുള്ള കരാര്‍ എന്ന് ജബ്ബാര്‍ വിശേഷിപ്പിക്കുന്നത്. ഇതിന്ന് തൊട്ട് മുമ്പുള്ള ഒമ്പത് വര്‍ഷക്കാലത്തെ പ്രവാചകന്‍റെ അനുഭവങ്ങള്‍ തമസ്കരിച്ചു കൊണ്ടല്ലാതെ ഈ തട്ടിപ്പ് സാധ്യമല്ല. അത് കൊണ്ടാണ് മി. ജബ്ബാര്‍ ചരിത്രത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം മുറിച്ചെടുത്ത്, കൃത്രിമം കാണിച്ച് വികലമായ ചില നിഗമനങ്ങള്‍ സ്വന്തം വക കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നത്. സത്യസന്ധമായി പ്രവാചക ചരിത്രം വായിക്കാന്‍ അദ്ദേഹവും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചര്‍ച്ച അര്‍ത്ഥമുള്ളതും ഫലപ്രദവുമാകുന്നത് അത് സത്യസന്ധമാകുമ്പോള്‍ മാത്രമാണ്.
മക്കയിലെ ജനങ്ങള്‍ക്ക് പ്രവാചകനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും മദീനക്കാര്‍ക്ക് അതിന് സാധിച്ചു. കാരണം യഹൂദന്‍മാരുമായുള്ള ബന്ധത്തിലൂടെ വേദം, പ്രവാചകന്‍ തുടങ്ങിയ സങ്കല്‍പ്പങ്ങളൊക്കെ അവര്‍ക്ക് പരിചിതമായിരുന്നു. ഒരു പ്രവാചകന്‍ വരാനുണ്ടെന്ന കാര്യവും അവര്‍ യഹൂദരില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. മുഹമ്മദിനെ പരിചയപ്പെട്ടപ്പോള്‍ അവര്‍ പ്രതീക്ഷിക്കുന്ന പ്രവാചകന്‍ ഇത് തന്നെ എന്ന് അവര്‍ മനസ്സിലാക്കി.
വേദനാജനകവും അതീവ ദുഃഖകരവുമായ ഈ കഥയൊക്കെ മറച്ച് വച്ച് മക്കയില്‍ പ്രവാചകന്ന് നേരെ ഒരു തരം പീഡനവും ഊണ്ടായിരുന്നുല്ല എന്ന് പറയാന്‍ ചര്‍മ്മ സൌഭാഗ്യം അല്‍പ്പമൊന്നും പോരാ.
മുഹമ്മദ് നബിയെ മോശക്കാരനായി ചിത്രീകരിക്കണമെങ്കില്‍ വസ്തുതകള്‍ മറച്ചു വച്ചും അദ്ദേഹത്തെ ക്കുറിച്ച് കള്ളം പറഞ്ഞുകൊണ്ടും അല്ലാതെ സാധ്യമല്ലെന്നതിന്‍റെ നേര്‍ സാക്‌ഷ്യമാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ള, ജബ്ബാറിന്‍റെ ലേഖനം.
ജബ്ബാര്‍ എഴുതി: "മക്കയിലെ മര്‍ദ്ദനം സഹിക്കവയ്യാതെ ഒരു ദിവസം നാടകീയമായും യാദൃച്ഛികമായും ഹിജ്ര പോയി എന്നൊക്കെയാണു സാധാരണ മുസ്ലിംങ്ങള്‍ പറഞ്ഞു പ്രചരിപ്പിക്കാറെങ്കിലും, ചരിത്ര രേഖകള്‍ നിരത്തുന്ന വസ്തുതകള്‍ വ്യത്യസ്ഥമായ ഒരു ചിത്രമാണു നല്‍കുന്നത്. "
കെ.കെ. ആലിക്കോയ
No comments:
Post a Comment