Sunday, September 19, 2010

മക്കക്കാരുടെ ദൈവസങ്കല്‍പ്പം

മക്കക്കാരുടെ ദൈവസങ്കല്‍പ്പം
(ഇ.എ. ജബ്ബാറിന്‍റെ സംവാദം എന്ന ബ്ലോഗില്‍ ഇടപെട്ടു കൊണ്ടെഴുതിയത്.)

ജബ്ബാര്‍ എഴുതി: "ഗോത്രദൈവങ്ങളെല്ലാം വ്യാജന്‍ മാരാണെന്നും അല്ലാഹു എന്ന ആകാശ ദൈവം മത്രമേ യഥാര്‍ഥ ദൈവമായുള്ളു എന്നുമാണ് അദ്ദേഹം വാദിച്ചത്. ഇത് അറബികള്‍ക്കു ബോധ്യപ്പെട്ടില്ല. അവരെ ബോധ്യപ്പെടുത്തുന്നതില്‍ മുഹമ്മദ് തീര്‍ത്തും പരാജയപ്പെടുകയാണുണ്ടായത്." 

ചില ഖുര്‍ആന്‍ വാക്യങ്ങള്‍ കാണുക:

1. "
നീ ഈ ജനത്തോട് ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരെന്നും സൂര്യചന്ദ്രന്‍മാരെ കീഴ്പ്പെടുത്തിവെച്ചതാരെന്നും ചോദിച്ചാല്‍, തീര്‍ച്ചയായും ഇവര്‍ പറയും: `അല്ലാഹു` എന്ന്. പിന്നെങ്ങനെയാണിവര്‍ വഞ്ചിക്കപ്പെടുന്നത്? ... മാനത്തുനിന്ന് മഴ വര്‍ഷിക്കുന്നതും ചത്തുകിടന്ന ഭൂമിയെ അതുവഴി സജീവമാക്കുന്നതും ആരെന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഇവര്‍ പറയും: `അല്ലാഹു' എന്ന്…. (ഖുര്‍ആന്‍ 29: 61, 63)

2.
അല്ലാഹുവിനെ കൂടാതെ മറ്റു രക്ഷകന്‍മാരെ വരിക്കുകയും എന്നിട്ട്, അവരെ ഞങ്ങള്‍ ആരാധിക്കുന്നത് 'അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു` എന്ന് ന്യായീകരിക്കുകയും ചെയ്യുന്നവര്‍ ഉണ്ടല്ലോ; അവര്‍ ഭിന്നിക്കുന്ന കാര്യങ്ങളിലൊക്കെയും തീര്‍ച്ചയായും അല്ലാഹു വിധികല്‍പിക്കുന്നതാകുന്നു. 
(
ഖുര്‍ആന്‍ 39: 3)

3. '
ഈ ജനം അല്ലാഹുവിനെക്കൂടാതെ, തങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്തതിനെ ആരാധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ വാദിക്കുന്നു: `ഇക്കൂട്ടര്‍ അല്ലാഹുവിങ്കല്‍ ഞങ്ങളുടെ ശിപാര്‍ശകരാണ്.` നീ അവരോടു പറയുക: നിങ്ങള്‍ അല്ലാഹുവിന് വാനങ്ങളിലോ ഭുവനത്തിലോ അവന്‍ അറിയാത്ത കാര്യങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ?' (ഖുര്‍ആന്‍ 10: 18)

4. '
എന്നിട്ട് പുരുഷന്‍ സ്ത്രീയെ ആശ്ലേഷിച്ചപ്പോള്‍ അവള്‍ അവനില്‍നിന്ന് ലഘുവായ ഒരു ഭാരം വഹിച്ചു. അവള്‍ അതുമായി നടന്നു. പിന്നീട് അതിന്‍റെ ഭാരം വര്‍ദ്ധിച്ചപ്പോള്‍ ഇരുവരും തങ്ങളുടെ നാഥനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: `നീ ഞങ്ങള്‍ക്ക് ഒരു നല്ല കുഞ്ഞിനെ പ്രദാനംചെയ്താല്‍ ഞങ്ങള്‍ നിന്നോട് നന്ദിയുള്ളവരായിരിക്കും.` എന്നാല്‍, അല്ലാഹു അവര്‍ക്കൊരു നല്ല കുഞ്ഞിനെ പ്രദാനം ചെയ്തപ്പോള്‍ അവര്‍ക്കല്ലാഹു നല്‍കിയതില്‍ മറ്റുള്ളവരെ അവന്‍റെ പങ്കാളികളായി ആരോപിക്കുകയായി. അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തിനെല്ലാം അതീതനും അത്യുന്നതനുമത്രെ അല്ലാഹു. അല്ലാഹുവിനെ വെടിഞ്ഞ് നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരുണ്ടല്ലോ, നിങ്ങള്‍ എപ്രകാരമുള്ള അടിമകളാണോ, അതുപോലുള്ള അടിമകള്‍ മാത്രമാകുന്നു അവര്‍. അവരോടു പ്രാര്‍ഥിച്ചുനോക്കുക. അവര്‍ നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കട്ടെ; അവരെക്കുറിച്ച് നിങ്ങള്‍ക്കുള്ള ധാരണകള്‍ ശരിയാണെങ്കില്‍. അവര്‍ക്ക് കാലുകളുണ്ടോ നടക്കാന്‍? കൈകളുണ്ടോ പിടിക്കാന്‍? കണ്ണുകളുണ്ടോ നോക്കാന്‍? കാതുകളുണ്ടോ കേള്‍ക്കാന്‍? നീ അവരോടു പറയുക: `ദൈവത്തിന്റെ പങ്കാളികളായി നിങ്ങള്‍ സങ്കല്‍പിക്കുന്നവരെ വിളിക്കുവിന്‍. എന്നിട്ട് എല്ലാവരും ചേര്‍ന്ന് എനിക്കെതിരില്‍ തന്ത്രങ്ങളാസൂത്രണം ചെയ്യുവിന്‍. എനിക്ക് ഒട്ടും അവധി തരേണ്ടതില്ല. ഈ വേദമവതരിപ്പിച്ച ദൈവമാരോ അവനാകുന്നു എന്റെ രക്ഷകനും സഹായിയും. അവന്‍ നല്ലവരായ മനുഷ്യരെ സംരക്ഷിക്കുന്നു. നേരെമറിച്ച്, അല്ലാഹുവിനെ വെടിഞ്ഞ് നിങ്ങള്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരോ, അവര്‍ നിങ്ങളെ സഹായിക്കാന്‍ കഴിവുള്ളവരല്ല; തങ്ങളെ സ്വയം സഹായിക്കാനും അവര്‍ യോഗ്യരല്ല'. 
(
ഖുര്‍ആന്‍ 7: 189-197)

ബഹുദൈവ വിശ്വാസികളുടെ മാനസികാവസ്ഥയാണ്‌ ഖുര്‍ആന്‍ ഈ വരച്ചു കാണിച്ചിരിക്കുന്നത്. അല്ലാഹുവിനെ മുഖ്യ ദൈവമായി കാണുകയും, അവന്‍റെ അടുക്കല്‍ ശുപാര്‍ശക്കാരാകാനുള്ള യോഗ്യത മാത്രം തങ്ങളുടെ കുട്ടി ദൈവങ്ങള്‍ക്ക് വകവച്ച് കൊടുക്കുകയുമാണവര്‍ ചെയ്തത്. കുട്ടി ദൈവങ്ങള്‍ അല്ലാഹുവുവിന്‍റെ മേലെയാണെന്നോ തുല്യരാണെന്നോ ഒന്നും അവര്‍ കരുതിയിരുന്നില്ല. അല്ലാഹുവിന്‍റെ സൃഷ്ടികളും ദാസന്‍മാരുമാണ്‌ ആ ദൈവങ്ങള്‍ എന്നേ വിശ്വസിച്ചിരുന്നുള്ളു. എന്നാല്‍ മി. ജബ്ബാര്‍ അല്ലാഹുവിനെ മാത്രം ഇകഴ്ത്തിക്കാണിക്കാനാണ്‌ ശ്രമിക്കുന്നത്; അതിന്നായി ആരെ പുകഴ്ത്താനും അദ്ദേഹത്തിന്ന് ഒരു മടിയുമില്ല. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ പോലും ഇത്രയും തരം താഴ്ന്നിരുന്നില്ല.

ഖുര്‍ആനിന്‍റെ മലയാള വിവര്‍ത്തനവും വ്യാഖ്യാനവും വായിക്കാന്‍: thafheem.net

കെ.കെ. ആലിക്കോയ 

No comments:

Post a Comment