Wednesday, September 22, 2010

ദൈവത്തിന്‍റെ നിലവാരം; മനുഷ്യന്‍റെയും


ദൈവം മനുഷ്യനോട് സംസാരിക്കുമ്പോള്‍അവന്ന് അവന്‍റെ നിലവാരത്തിന്‍ നിന്നുകൊണ്ട് സംസാരിക്കാന്‍ കഴിയുമോ? ദൈവം ദൈവത്തിന്‍റെ നിലവാരത്തില്‍ നിന്നുകൊണ്ട് സംസാരിച്ചാല്‍ അത് മനുഷ്യന്ന് മനസ്സിലാക്കാന്‍ കഴിയുമോ?  മാതാപിതാക്കളോ അദ്ധ്യാപകരോ മറ്റു മുതിര്‍ന്നവരോ ഒരു കൊച്ചു കുട്ടിയോട്  സംസാരിക്കുന്നത് എങ്ങനെയായിരിക്കും? മുതിര്‍ന്നവരുടെ നിലവാരത്തില്‍ നിന്നുകൊണ്ടോ? അതോ കുട്ടിയുടെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെന്നിട്ടോ? ഈ കുട്ടിയും മുതിര്‍ന്നവരും തമ്മിലുള്ള വ്യത്യാസം കാലത്തിന്‍റേതും പരിചയത്തിന്‍റേതും മാത്രമാണ്‌. ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കുട്ടി ആ മുതിര്‍ന്നവരുടെ നിലവാരത്തില്‍ എത്തുക തന്നെ ചെയ്യും.
എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള അന്തരമോ? കാലം കൊണ്ടോ പരിചയം കൊണ്ടോ പരിഹരിക്കാവുന്നതല്ലല്ലോ. ആ അകലം നമുക്ക് അളന്ന് തിട്ടപ്പെടുത്താന്‍ പോലും കഴിയില്ലല്ലോ. ശിശുവും മുതിര്‍ന്നവരും തമ്മിലുള്ള അകലം  അളക്കാന്‍ ഒരു ശിശുവിന്ന് കഴിയാത്തത് പോലെയുമല്ല; അതിലേറെയാണ്‌ ഇവിടത്തെ അകലം. ദൈവം സംസാരിക്കുന്നത് മനുഷ്യനോടാകുമ്പോള്‍ അവന്‍ മനുഷ്യന്‍റെ ഭാഷയില്‍ സംസാരിക്കുന്നു. മനുഷ്യന്ന് മനസ്സിലാകുന്ന നിലവാരത്തില്‍ നിന്നു കൊണ്ട് സംസാരിക്കുന്നു. മനുഷ്യന്‌ പരിചയമുള്ള പദങ്ങളുപയോഗിച്ചും, അവന്ന് മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുക്കളെ പ്രതീകങ്ങള്ളാക്കിയും സംസാരിക്കുന്നു.  അതോടൊപ്പം അത് ദൈവികമായ ഔന്നത്യം പുലര്‍ത്തുകയും ചെയ്യുന്നു.
 ഒരു ശിശുവിന്‍റെ നിലവാരത്തില്‍ ആയിരിക്കേ, ദൈവത്തിന്‍റെ നിലവാരമളക്കാന്‍ മുതിരുന്നവര്‍ക്ക് ഇതൊന്നും ആലോചിക്കാന്‍ നേരമുണ്ടാകില്ല. ദൈവം വിശ്വാസികളോട് സംസാരിച്ചപ്പോള്‍ അവരുടെ നിലവാരം പരിഗണിച്ച് സംസാരിച്ചിട്ടുണ്ട്. നിഷേധികളോട് അവരുടെ നിലവാരം പരിഗണിച്ചും.
പിന്നെ, നിഷേധിക്കുണ്ടാകുന്ന ഒരു മാനസികാവസ്ഥയുണ്ട്. ഇപ്പോള്‍ ജബ്ബാര്‍ പ്രകടിപ്പിക്കുന്ന പോലുള്ള ഒന്ന്. ഇസ്‌ലാമില്‍ എന്തെങ്കിലും ഒരു നന്‍മയുണ്ടെന്ന് ജബ്ബാര്‍ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇല്ലല്ലോ. എന്താ കേള്‍ക്കാത്തത്? ജബ്ബാര്‍ പറഞ്ഞിട്ടില്ല; അത് കൊണ്ട് തന്നെ. ആരുടെ വീക്ഷണപ്രകാരമായിരുന്നാലും,  എന്തെങ്കിലും ചില നന്‍മകളൊക്കെ ഇസ്‌ലാമിലും ഉണ്ടാകില്ലേ? എന്നിട്ടെന്താ ജബ്ബാര്‍ അത് സമ്മതിക്കാത്തത്? അതെ. അതാണ്‌ നിഷേധിയുടെ മനസ്സ്. ആ മനസ്സിനോട് സംവദിക്കുമ്പോള്‍ അല്ലാഹു അവരര്‍ഹിക്കും വിധം  സംസാരിച്ചു. ഇനി അവരാവശ്യപ്പെട്ട അടയാളങ്ങളില്‍ ചിലതോ അല്ലെങ്കില്‍ മുഴുവനുമോ കാണിച്ച് കൊടുത്താല്‍ അവര്‍ വിശ്വസിക്കുമായിരുന്നോ? ഇല്ലെന്ന് മാത്രമല്ല; അവര്‍ പുതിയ അടയാളങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്യും.  നിങ്ങള്‍  തന്നെ കാണുന്നില്ലേ ചില നിഷേധികളുടെ  സംവാദ ശൈലി. 'അവര്‍ വിശ്വസിക്കില്ലെന്ന് തീരുമാനിച്ചവരാണെന്ന്' അല്ലാഹു ഒരു വിഭാഗത്തെക്കുറിച്ച് പറഞ്ഞല്ലോ; അതേ ശൈലി തന്നെ. ഇതൊക്കെ അല്ലാഹുവിന്നറിയാം. അതും ഖുര്‍ആണ്‍ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഒമ്പത് അടയാളങ്ങള്‍ വളരെ വ്യക്തമായി കണ്ടിട്ടും മൂസാ നബിയുടെ കാലത്തെ നിഷേധികള്‍  വിശ്വസിക്കാത്ത കാര്യവും  ഖുര്‍ആന്‍ ചൂണ്ടിണിച്ചിട്ടുണ്ടല്ലോ. ഇവിടെ സൂചിപ്പിക്കപെട്ട, നിഷേധിക്കുണ്ടാകുന്ന ആ മാനസികാവസ്ഥയെക്കുറിച്ചാണ്‌  മനസ്സിനും കണ്ണിനും കാതിനുമൊക്കെ അടപ്പിടും സീല്‍ വയ്ക്കും എന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇതാകട്ടെ അല്ലാഹു മനഃപൂര്‍വം ചെയ്യുന്ന ഒന്നല്ല; അവരുടെ നിഷേധ നിലപാടിന്‍റെ അനന്തരഫലം മാത്രമാണ്‌.
എന്നാലും നിഷേധികള്‍ ആവശ്യപ്പെട്ട എല്ലാ അടയാളങ്ങളും കാണിച്ചാല്‍, അത് വിശ്വാസികള്‍ക്ക് കൂടുതല്‍ വിശ്വാസ ദാര്‍ഢ്യം  നല്‍കുകയില്ലേ എന്നാണ്‌ ചോദ്യം. വിശ്വാസികള്‍ക്ക് അടയാളം ആവശ്യമുണ്ടെങ്കില്‍ അത് ചോദിക്കാന്‍ അവര്‍ക്ക് തന്നെ കഴിയില്ലേ? അവിശ്വാസികള്‍ ശുപാര്‍ശ ചെയ്തിട്ടു വേണോ?
ഈ തര്‍ക്കമൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും ആളുകള്‍ ഇസ്‌ലാമില്‍ അണിചേര്‍ന്നു കൊണ്ടിരിക്കുകയായിരുന്നല്ലോ. (പ്രവാചകന്‍റെ കാലത്ത്; ഇപ്പൊഴും അത് തന്നെ സംഭവിക്കുന്നു.) അപ്പോള്‍ അടയാളത്തിന്‍റെ കുറവല്ല; അത് കാണാന്‍ ചില കണ്ണുകളും കേള്‍ക്കാന്‍ ചില കാതുകളും ഉള്‍ക്കൊള്ളാന്‍ ചില മനസ്സുകളും സന്നദ്ധതക്കുറവ് കാണിക്കുന്നു എന്നത് മാത്രമാണ്‌ കാര്യം. അവര്‍ക്ക് ഇനി നരകമല്ലാതെ മറ്റെന്താണ്‌ അല്ലാഹു നല്‍ക്കേണ്ടത്? 

No comments:

Post a Comment