Saturday, October 16, 2010

മനുഷ്യജീവിതം: ദൈവം ആവിഷ്കരിച്ച നാടകം?

മനുഷ്യജീവിതം: ദൈവം ആവിഷ്കരിച്ച നാടകം?


Jabber: "മനുഷ്യരെല്ലാം നല്ലവരാകണമെന്ന് എന്തായാലും ദൈവം ആഗ്രഹിക്കുന്നില്ല.

അങ്ങനെ ആഗ്രഹിക്കുന്നു എങ്കില്‍ അതു സാധ്യമാക്കാന്‍ ദൈവത്തിനു നിഷ്പ്രയാസം കഴിയും.

പക്ഷെ ദൈവം മനുഷ്യരെ വഴി പിഴപ്പിക്കാനുംനരകത്തിലിടാനുമാണു തീരുമാനിച്ചിരിക്കുന്നത്.

ദൈവം കാരുണ്യവാനുമാണ്.

മനുഷ്യനു സ്വതന്ത്രമായി തീരുമാനമെടുക്കാം. പക്ഷെ അവന്‍ എന്തു തീരുമാനിക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്.

വൈരുദ്ധ്യമില്ലെന്നു ലതീഫും ആലിക്കോയയും പറയുന്നു. ഇനി ഈ ചര്‍ച്ച മുന്നോട്ടു പോകുമെന്നു തോന്നുന്നില്ല."

Alikoya:  ലോകത്തുള്ള സകല മനുഷ്യരെയും നേര്‍മാര്‍ഗ്ഗത്തിലാക്കണമെന്ന് ദൈവം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്നത് സാധിക്കുമായിരുന്നു; ഒരു സംശയവുമില്ല. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്‌. പക്ഷെ, അപ്പോള്‍ അവന്ന് 'മനുഷ്യനെ', ഇന്ന് നാം കാണുന്ന മനുഷ്യനെ, സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നില്ല. മനുഷ്യന്റെ മഹത്വമറിയുന്നവരോടേ ഇത് പറഞ്ഞിട്ട് കാര്യമുള്ളു. മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒരു മൃഗമാണ്‌ താനും എന്ന് വിചാരിക്കുന്നവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍  സധിക്കുകയില്ലെന്നറിയാം. ഓരോ വസ്തുവിന്നും ദൈവം  അതിന്റെ ഉണ്മ നല്‍കിയത് ഓരോ ദൌത്യം നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്‌. 
മനുഷ്യന്ന് ഈ ലോകം ഒരു പരീക്ഷണ ഗേഹമാണ്‌; അതാണ്‌ ദൈവനിശ്ചയം. ഇത് നടക്കണമെങ്കില്‍ എല്ലാവരെയും ദൈവം നല്ലവരാക്കാനോ ചീത്തയാക്കാനോ തീരുമനിക്കുകയല്ല; അവന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കുകയാണ്‌ വേണ്ടത്. അതാണ്‌ താന്‍ ചെയ്തതെന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട്; നിരവധി ഖുര്‍ആന്‍ സൂക്തങ്ങളിലൂടെ:
 
"നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് അവന്‍ നന്നായി അറിയുന്നുണ്ട്. ആര്‍ സല്‍ക്കര്‍മവും കൊണ്ട് വരുന്നുവോ, അവന് അതിനേക്കാള്‍ വിശിഷ്ടമായ പ്രതിഫലം ലഭിക്കും. അത്തരമാളുകള്‍ ആ നാളിന്റെ ഭീതിയില്‍നിന്ന് സുരക്ഷിതരുമായിരിക്കും. തിന്മയുംകൊണ്ട് വരുന്നവനോ, അത്തരമാളുകളൊക്കെയും നരകത്തില്‍ മുഖംകുത്തി തള്ളിയിടപ്പെടുന്നതാകുന്നു. ചെയ്ത കര്‍മത്തിന്റേതല്ലാതെ മറ്റെന്തു ഫലമാണ് നിങ്ങള്‍ക്ക് കിട്ടുക? " (27:88-90)

"
പ്രവാചകന്‍, ജനങ്ങളെ അറിയിച്ചുകൊള്ളുക: `നിങ്ങളുടെ ഹൃദയങ്ങളിലുള്ളതെന്തോ, അത്-നിങ്ങള്‍ വെളിപ്പെടുത്തിയാലും ഒളിച്ചുവച്ചാലും-അല്ലാഹു അറിയുന്നുണ്ട്. വാനലോകങ്ങളിലും ഭൂമിയിലുമുള്ളതൊന്നും അവന്റെ ജ്ഞാനത്തിനതീതമല്ല. അവന്റെ കഴിവ് സകലത്തേയും വലയം ചെയ്തതല്ലോ.` ഓരോ മനുഷ്യനും താനനുഷ്ഠിച്ച സല്‍കര്‍മത്തിന്റെയും ദുഷ്ക്കര്‍മത്തിന്റെയും ഫലം കണ്ടെത്തുന്ന ഒരുനാള്‍ വരാനിരിക്കുന്നു. അന്നാളില്‍, തന്നില്‍നിന്ന് ആ ദിനം അതിദൂരം അകന്നുപോയെങ്കില്‍ എന്നത്രെ മനുഷ്യന്‍ ആഗ്രഹിക്കുക. അല്ലാഹു നിങ്ങളെ അവനെക്കുറിച്ചു ഭയപ്പെടുത്തുന്നു. അല്ലാഹു അവന്റെ അടിമകളോട് അതിരറ്റ ദയയുള്ളവനാകുന്നു." (3:29-30)

"
പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ട ജനങ്ങളെ നാം തീര്‍ച്ചയായും ചോദ്യംചെയ്യും. പ്രവാചകന്മാരോടും നാം ചോദിക്കുന്നതാകുന്നു; (അവര്‍ തങ്ങളുടെ ദൌത്യം എത്രത്തോളം നിര്‍വഹിച്ചുവെന്നും അതിന്റെ പ്രതികരണം എന്തായിരുന്നുവെന്നും). അനന്തരം നാം തന്നെ വ്യക്തമായ അറിവോടെ, കഴിഞ്ഞുപോയതെല്ലാം അവര്‍ക്കു വിവരിച്ചുകൊടുക്കും. നാമോ, എങ്ങും മറഞ്ഞുപോയിട്ടൊന്നുമുണ്‍ായിരുന്നില്ല. അന്നാളില്‍ തൂക്കം സാക്ഷാല്‍ സത്യമാകുന്നു. ആരുടെ തട്ട് ഭാരംതൂങ്ങുന്നുവോ, അവനായിരിക്കും വിജയം പ്രാപിച്ചവന്‍. ആരുടെ തട്ട് ഭാരശൂന്യമാകുന്നുവോ, അവര്‍ സ്വയം നഷ്ടത്തിലകപ്പെടുത്തിയവരാകുന്നു. എന്തെന്നാല്‍ അവര്‍ നമ്മുടെ സൂക്തങ്ങളോടു ധിക്കാരമനുവര്‍ത്തിച്ചുകൊണ്‍ണ്ടിരിക്കുകയായിരുന്നു." (7:6-9)

"
വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: `യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോ ള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.` ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു." (14:22)

=
ഇതും ഇതു പോലുള്ളതുമായ സൂക്തങ്ങള്‍ വ്യക്തമാക്കുന്ന കാര്യങ്ങള്‍: 
1.
അല്ലാഹു മനഃപൂര്‍വ്വം ആരെയും നേര്‍മാര്‍ഗ്ഗത്തിലാക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്നില്ല.
2.
മനുഷ്യനെ വഴിതെറ്റിക്കാനുള്ള 'അധികാരം' അല്ലാഹു പിശാചിന്നും നല്‍കിയിട്ടില്ല.
3.
പിശാചിന്‍റെ ക്ഷണം സ്വീകരിക്കാനും നിരസിക്കാനുമുള്ള സ്വാതന്ത്ര്യവും കഴിവും മനുഷ്യന്നുണ്ട്.
4.
പിശാചിനാല്‍ വഴിതെറ്റിക്കപെട്ടാല്‍ പോലും വഴികേടിന്‍റെ ഉത്തരവാദി മനുഷ്യന്‍ തന്നെയാണ്‌.
5.
മനുഷ്യര്‍ക്ക് അല്ലാഹു വിശ്വാസ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. 
6.
തന്‍റെ വിശ്വാസത്തിനും കര്‍മ്മത്തിനും ഓരോ മനുഷ്യനും ഉത്തരവാദിയാണ്‌. 
7.
ഉത്തരവാദിത്തം മനുഷ്യന്നാകയാല്‍ അവന്‍ രക്ഷാ ശിക്ഷകള്‍ക്കര്‍ഹനാണ്‌.
ഇത് മനുഷ്യനെ ദൈവം അറിയിച്ചിട്ടുള്ള വസ്തുതകളാണ്‌.


മനുഷ്യന്ന് ഇച്ഛാസ്വാതന്ത്ര്യം നല്‍കിയതിന്റെ അനന്തരഫലമായിട്ടാണ്‌ ദൈവത്തിന്ന് ഇത് പറയാന്‍ സധിക്കുന്നത്. ഈ ഇച്ഛാസ്വാതന്ത്ര്യം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എന്നാല്‍ ഇത് സര്‍വ്വതന്ത്ര സ്വതന്ത്രമല്ല; അല്ലാഹുവിന്റെ ഇച്ഛയ്ക്ക്, അഥവാ നാം ജീവിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് വിധേയമാണ്‌. ആ സാഹചര്യം നാം സ്വയം തീരുമാനിക്കുന്നതല്ലല്ലോ.
അതേസമയംമനുഷ്യന്ന് നല്‍കിയ ഇച്ഛാസ്വാതന്ത്ര്യം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ അല്ലാഹു ഉണ്ടാക്കിവച്ചിട്ടില്ല. അഥവാ ദൈവേച്ഛ മനുഷ്യേച്ഛയെ നിരാകരിക്കുന്നില്ല.
നേരെ മറിച്ച്, എന്താണോ മനുഷ്യേച്ഛ അത് പൂര്‍ത്തീകരിച്ചു കൊടുക്കുകയാണ്‌ ദൈവേച്ഛ ചെയ്യുക എന്നും വ്യക്തമക്കപ്പെട്ടിട്ടുണ്ട്. "എന്നാല്‍ സന്മാര്‍ഗം വെളിപ്പെട്ടുകഴിഞ്ഞശേഷവും ദൈവദൂതനോട് ശത്രുതപുലര്‍ത്തുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്നവനെ, അവന്‍ തിരിഞ്ഞതെങ്ങോട്ടാണോ അങ്ങോട്ടുതന്നെ തിരിച്ചുവിടുന്നതാകുന്നു. നാം അവനെ ഏറ്റവും ദുഷിച്ച സങ്കേതമായ നരകത്തിലേക്ക് തള്ളുകയും ചെയ്യും." (4/115) 
അല്ലാഹു ദുര്‍മാര്‍ഗ്ഗത്തിലാക്കുന്നു എന്ന് പറഞ്ഞതിന്റെ പൊരുളിതാണ്‌. ആരാണോ ദുര്‍മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്നത് അവനെ ആ വഴിക്ക് അല്ലാഹു നടത്തുന്നു. 'തെളിയ്ക്കുന്ന വഴിക്ക് നടക്കാത്തവനെ നടക്കുന്ന വഴിക്ക് തെളി ക്കുക' എന്ന പ്രക്രിയയാണിവിടെ നടക്കുന്നത്. അവന്‍ തിരിഞ്ഞ ഭാഗത്തേക്ക് അവനെ നാം തിരിച്ചുവിടും എന്നാല്‍ ദൈവം മനുഷ്യേച്ഛ നടപ്പിലാകുന്നു എന്ന് തന്നെയാണല്ലോ അതിന്നര്‍ത്ഥം.
ഇവിടെ തെരഞ്ഞെടുപ്പ് മനുഷ്യന്റേതാണ്‌. അത്കൊണ്ട് തന്നെ അവന്‍ ഉത്തരവദിയുമാണ്‌.
ഒരേസമയത്ത് തന്നെ രണ്ടും (ദൈവേച്ഛയും  മനുഷ്യേച്ഛയും) ഉണ്ടെന്നര്‍ത്ഥം. ഇതാണ്‌ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്ന കാര്യം; അത് മനുഷ്യ ജീവിതത്തിലെ ഒരു ദ്വന്ദഭാവമാണ്‌. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ്‌ ഖുര്‍ആന്‍ ചെയ്തത്. 
ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല; ശുദ്ധശാസ്ത്രം പഠിക്കുമ്പോഴും ഇത്പോലുള്ള ദ്വന്ദഭാവം അംഗീകരിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടാറുണ്ട്. പ്രകാശം സഞ്ചരിക്കുന്നത് തരംഗങ്ങളായിട്ടോ  അതോ കണികകളായിട്ടോ? പ്രകാശത്തിന്റെ ചില സവിശേഷതകള്‍ വിശദീകരിക്കാന്‍ പ്രകാശം തരംഗമാണെന്ന് സമ്മതിക്കണം. എന്നാല്‍ മറ്റു ചില സവിശേഷതകള്‍ വിശദീകരിക്കണമെങ്കില്‍  പ്രകാശം കണികകളാണെന്ന് സമ്മതിക്കണം. എന്നാല്, ഇതില്‍ നാം വൈരുദ്ധ്യം ദര്‍ശിക്കാറില്ല; ഉള്‍ക്കൊള്ളാനോ സമ്മതിക്കാനോ പ്രയാസവുമില്ല. സമാനമായ മറ്റൊരു കാര്യം, അത് ദൈവവും മതവും വേദവുമായി ബന്ധപ്പെട്ട കാര്യമാകുമ്പോള്‍ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും താല്‍പര്യമില്ല; അത് കൊണ്ട് കഴിയുന്നുമില്ല.

ദൈവേച്ഛയുടെയും മനുഷ്യേച്ഛയുടെയും തോത് എത്രയാണെന്ന് അല്ലാഹുവിന്നറിയാം; മനുഷ്യേച്ഛയുടെ അളവെത്രയോ അതിന്റെ തോതനുസരിച്ചുള്ള ഉത്തരവാദിത്തമാണ്‌ നമുക്കുണ്ടാവുക.  'മറന്നുകൊണ്ടോ അറിവില്ലാതെയോ നിര്‍ബന്ധിതനായിട്ടോ ചെയ്യുന്ന ഒരു കാര്യത്തിന്നും മനുഷ്യന്‍ ഉത്തരവദിയല്ലെന്ന് പ്രവാചകന്‍ പറഞ്ഞിരിക്കുന്നു. എന്നിരിക്കെ അല്ലാഹു മനുഷ്യനെ കൊണ്ട് നിര്‍ബന്ധിച്ച് കുറ്റം ചെയ്യിക്കുക എന്നിട്ട് അവനെ ശിക്ഷിക്കുകയും ചെയ്യുക; ഇത് അസംഭവ്യമാണ്‌. ഇങ്ങനെ സംഭവിക്കുമെന്നും അല്ലാഹു പറഞ്ഞിട്ടില്ല. അല്ലാഹു നീതിമാനും ദയാലുവും കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനുമാണ്‌. ഇ വിശേഷണങ്ങളുടെ നിഷേധമായി പരിണമിക്കുന്ന ഒരു നീക്കവും അല്ലാഹുവില്‍ നിന്നുണ്ടാവുകയില്ല.

ഇനി ചോദിക്കട്ടെ: "മനുഷ്യന്‍റെ ജീവിതം ദൈവം രചിച്ച ഒരു നാടകമാണ്‌. കഥാപാത്രങ്ങളെയും അവരുടെ റോളുകളും ദൈവം നിശ്ചയിക്കുന്നു. ഓരോ രംഗത്തും ഓരോരുത്തരും എന്തൊക്കെ ചെയ്യണമെന്നും പറയണമെന്നും ദൈവം തീരുമാനിക്കുന്നു. ആ തീരുമാനം അവന്‍ രേഖപ്പെടുത്തി വയ്ക്കുന്നു. ആ തീരുമാനപ്രകരം മാത്രം, ആര്‍ക്കും ഒരു സ്വാതന്ത്ര്യവുമില്ലാതെ, കാര്യങ്ങള്‍ നടക്കുന്നു. അവസാനം ചിലര്‍ സ്വര്‍ഗ്ഗത്തിലും ചിലര്‍ നരകത്തിലും എത്തുന്നു." ഇങ്ങനെ ഒരു നാടകം ദൈവം ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഖുര്‍ആന്‍ കൊണ്ട് തെളിയിക്കാന്‍ സാധ്യമാണോ?


7 comments:

 1. താങ്കള്‍ ഉപയോഗിക്കുന്ന ഫോണ്ടിന്റെ കുഴപ്പം ആണോ എന്ന് അറിയില്ല, ബ്ലോഗ്‌ വായിക്കുവാന്‍ വളരെ പ്രയാസം.

  ReplyDelete
 2. താങ്കള്‍ ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ നല്‍കിയ കമന്റുകള്‍ ചോദ്യോത്തര രുപത്തിലെങ്കിലും ഇവിടെ നല്‍കാന്‍ താല്‍പര്യപ്പെടുന്നു. കാരണം അതവിടെ നിലനില്‍ക്കുന്നത് ബ്ലോഗറുടെ താല്‍പര്യമനുസരിച്ച് മാത്രമായിരിക്കും

  ReplyDelete
 3. ലത്തീഫ്,

  ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ ആയാലും ഇവിടെയോ താങ്കളുടെയോ എന്റെയോ ബ്ലോഗില്‍ ആയാലും ബ്ലോഗരുടെ താല്പര്യം അനുസരിച്ച് മാത്രമല്ലേ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ നില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കപ്പെടുകയുള്ളൂ. ഇപ്പോള്‍ ഇ.എ. ജബ്ബാറിന്റെ ബ്ലോഗില്‍ ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കമന്റു മോഡറേഷന്‍ ഇല്ലാത്തതുകൊണ്ട് എന്റെ ഇതുവരെയുള്ള എല്ലാ കമന്റുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അവ ഇവിടെയും ചേര്‍ക്കുന്നത് ആവശ്യമാണ്‌ എന്ന് തോന്നുന്നില്ല. അവിടെ ഏതെങ്കിലും കമന്റു മോഡറേഷന്‍ ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ തുടര്‍ന്നുള്ള കമന്റുകള്‍ ഇവിടെയും ചേര്‍ക്കാം.

  ആലിക്കോയ ലേഖനത്തില്‍ എഴുതിയിരിക്കുന്നവ വായിക്കുവാന്‍ സാധിക്കുന്നില്ല. അക്ഷരങ്ങള്‍ പരസ്പര ബന്ധം ഇല്ലാത്തവ പോലെ അനുഭവപ്പെടുന്നു.

  ReplyDelete
 4. This link helps to type in Malayalam:

  http://kerals.com/write_malayalam/malayalam.htm

  ReplyDelete
 5. പോസ്റ്റുമായി ബന്ധം ഇല്ല എങ്കിലും മറ്റു ചിലരോട് ചോദിച്ചിട്ട് ഉത്തരം കിട്ടാത്ത ചോദ്യം താങ്കളോടും ആവര്‍ത്തിക്കുന്നു.

  ക്രിസ്ത്യാനികള്‍ ദൈവം എന്ന് വിളിക്കുന്ന യേശുക്രിസ്തു ഇസ്ലാം വിശ്വാസപ്രകാരം ഒരു പ്രവാചകന്‍ ആണ്. അദ്ദേഹവും മറ്റുള്ള പ്രവാചകന്മാരെപ്പോലെ അല്ലാഹുവിന്റെ സന്ദേശവാഹകന്‍ മാത്രം ആണ് എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. യേശുക്രിസ്തുവിനു ശേഷം വന്ന പിന്‍ഗാമി ആണ് മുഹമ്മദ്‌ നബി എന്ന് സ്ഥാപിക്കുവാന്‍ പല മുസ്ലിങ്ങളും ക്രിസ്ത്യാനികളുടെ വേദപുസ്തകമായ ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും ചില വചനങ്ങള്‍ (യേശു ശിഷ്യര്‍ക്ക് സഹായകനെ വാഗ്ദാനം ചെയ്യുന്നവ‍) ഉദ്ധരിക്കാറുണ്ട്. ഇത്തരം വാദം ഉന്നയിക്കുന്നവര്‍ ബൈബിളിലെ സുവിശേഷങ്ങളില്‍ യേശു പഠിപ്പിച്ച മറ്റു വിഷയങ്ങള്‍ അവഗണിക്കാറാണ് പതിവ്. ബൈബിളിലെ യേശുവും ഖുര്‍ആനിലെ മുഹമ്മദ്‌ നബിയും പല വിഷയങ്ങളിലും വിരുദ്ധ ധ്രുവങ്ങളില്‍ ആണ്. യേശുക്രിസ്തു അരുത് എന്ന് പറയുന്ന പലതും മുഹമ്മദ്‌ നബി അനുവദിയ്ക്കുന്നുണ്ട്. വിവാഹമോചനം, ബഹുഭാര്യാത്വം, യുദ്ധം തുടങ്ങിയവ അവയില്‍ ചിലതാണ്.

  എന്തുകൊണ്ട് യേശുക്രിസ്തുവിന്റെയും മുഹമ്മദ്‌ നബിയുടെയും ദൈവീക സന്ദേശങ്ങള്‍ ഇങ്ങനെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമാകുന്നു?

  ReplyDelete